നേരത്തെ ഒരു നൂറു രൂപയിട്ടേ എന്ന് പറയുന്ന ആളുകൾ എടാ ഒരു 10000 ഗൂഗിൾ പേ എന്നാണ് പറയുന്നത്: നഹാസ് ഹിദായത്ത്
Entertainment news
നേരത്തെ ഒരു നൂറു രൂപയിട്ടേ എന്ന് പറയുന്ന ആളുകൾ എടാ ഒരു 10000 ഗൂഗിൾ പേ എന്നാണ് പറയുന്നത്: നഹാസ് ഹിദായത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd December 2023, 9:07 am

ആർ. ഡി. എക്സ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നവാഗത സംവിധായകനാണ് നഹാസ് ഹിദായത്ത്. നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയ ചിത്രമാണ്.

നൂറുകോടി ക്ലബ്ബിൽ കയറിയ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് എത്ര പൂജ്യം കയറും എന്ന ചോദ്യത്തിന് വലിയ പൂജ്യയമൊന്നും കയറിയിട്ടില്ലായെന്നായിരുന്നു നഹാസ് ഹിദായത്തിന്റെ മറുപടി. ക്ലബ്ബ് എഫ്. എമ്മിന്റെ ഡയറക്ടേഴ്സ് ക്ലബ്ബ് 2023 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൂജ്യം ഉണ്ട്. ഇപ്പോൾ വലിയ പൂജ്യം ഒന്നും കയറിയിട്ടില്ല. അത് ആൾക്കാരുടെ തെറ്റിദ്ധാരണയാണല്ലോ, പടം ഇങ്ങനെ ഓടിക്കഴിഞ്ഞാൽ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് കയറി വരുമെന്നത്. കുറേ പൂജ്യം കയറാനുള്ള ഒരു ഡോർ ഓപ്പൺ ആയല്ലോ. ഇനി മര്യാദയ്ക്ക് പടമെടുത്തു പോയി കഴിഞ്ഞാൽ നല്ല രീതിയിൽ പൂജ്യങ്ങൾ കയറും.

ഉമ്മയെ മറ്റുള്ളവർ വിളിക്കുമ്പോൾ ചോദിക്കുന്നത് ‘ഒരു 100 കോടി കേറിക്കഴിഞ്ഞാൽ അഞ്ചു കോടി എങ്കിലും ഡയറക്ടറിന് കിട്ടില്ലേ, ഫ്ലാറ്റ് മേടിച്ചോ, അത് ചെയ്തോ’ അങ്ങനെയൊക്കെ ചോദിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. അറിയില്ല അവനൊന്നും പറയുന്നില്ല, ഉണ്ടെന്ന് തോന്നുന്നു എന്നൊക്കെ ഉമ്മ പറയും.

ആളുകൾ കടമൊക്കെ ചോദിക്കുന്നത് കൂടിയിട്ടുണ്ട്. നേരത്തെ എന്റെ അടുത്ത് ഒരു നൂറു രൂപയിട്ടേ എന്ന് പറയുന്ന ആളുകൾ എടാ ഒരു 10000 എന്നൊക്കെയുള്ള ഗൂഗിൾ പേ പരിപാടികളൊക്കെ കൂടിയിട്ടുണ്ട്. ലോണിലാണ് ഓടുന്നത് എന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ,’ നഹാസ് ഹിദായത്ത് പറഞ്ഞു.

https://youtube.com/shorts/gDtJ5OfCXI0?si=5BGlp9q35RExTcFV

ഓണം റിലീസായി ബോക്‌സ് ഓഫീസ് തൂത്തുവാരിയ ചിത്രമായിരുന്നു ആർ.ഡി.എക്സ്. ചിത്രത്തിൽ ലാൽ, ബാബു ആന്റണി, മാല പാർവതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Content Highlight: Nahas hidayath about his remuneration