| Saturday, 16th September 2023, 12:31 pm

ബാബു ആന്റണി ചേട്ടനെ വയ്യാണ്ട് കട്ടിലില്‍ കിടത്തിയാല്‍ പോലും ആളുകള്‍ വിശ്വസിക്കില്ല; പൂണ്ട് വിളയാടാനുള്ള സീന്‍ ഇല്ലെന്ന് പറഞ്ഞിരുന്നു: നഹാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സിലെ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആളുകളെ തെരഞ്ഞെടുത്തതിനെ കുറിച്ചും നടന്‍ ബാബു ആന്റണിയെ ആര്‍.ഡി.എക്‌സിലേക്ക് കൊണ്ടുവന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ നഹാസ് ഹിദായത്ത്. ആര്‍.ഡി.എക്സ് സിനിമയിലെ വില്ലന്മാരോട് തനിക്ക് ഒരു പ്രത്യേക ഇഷ്ടമാണെന്നും വര്‍ഷങ്ങളായി അറിയുന്നവരാണെന്നും അവര്‍ക്ക് ഒരു അവസരം കൊടുക്കേണ്ടത് തന്റെ ഒരു കടമയാണെന്നുമാണ് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നഹാസ് പറയുന്നത്.

ബാബു ആന്റണിയുടെ വലിയൊരു ആരാധകനാണ് താനെന്നും അദ്ദേഹത്തോട് കഥ പറയുമ്പോള്‍ തന്നെ ഇതില്‍ ചേട്ടന് പൂണ്ട് വിളയാടാനുള്ള സീന്‍ ഒന്നുമില്ലെന്ന് താന്‍ പറഞ്ഞിരുന്നെന്നും നഹാസ് പറഞ്ഞു.

‘അവര്‍ മൂന്നുപേരും വന്ന് അടിക്കുമ്പോള്‍ ബാബു ആന്റണി ആശാനായി പിറകില്‍ നിന്നാല്‍ മതി. ഈ പടത്തിന്റെ ഓപ്പണിങ്ങില്‍ ബാബു ആന്റണിച്ചേട്ടനെ കാണിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും അറിയാം, ബാബു ആന്റണിച്ചേട്ടന്‍ വെറുതെ വന്ന് നില്‍ക്കില്ലെന്ന്. ഇനിയിപ്പോള്‍ പുള്ളിയെ എത്ര പാവമായി കാണിച്ചാലും, വയ്യാതെ കട്ടിലില്‍ കെടത്തിയാല്‍ പോലും നമുക്ക് അറിയാം അദ്ദേഹം ഈ പടത്തില്‍ വന്നിട്ടുണ്ടെങ്കില്‍ എന്തെങ്കിലും ഒരു പരിപാടി ചെയ്യാനുണ്ടാകും എന്ന്.

ഈ പടത്തിന്റെ തുടക്കത്തിലൊക്കെ ബാബു ആന്റണിച്ചേട്ടനെ ഞാന്‍ നോര്‍മലി ഒരു ക്യാരക്ടര്‍ എന്ന രീതിയില്‍ കൊണ്ടുവന്നാല്‍ മതിയെന്നാണ് ആലോചിച്ചത്. ഇവരുടെ സപ്പോര്‍ട്ടിനായി നിര്‍ത്തുന്ന രൂപത്തില്‍. അദ്ദേഹത്തോട് കഥ പറയുമ്പോഴും ചേട്ടാ, ഇതില്‍ ചേട്ടന് പൂണ്ട് വിളയാടാനുള്ള സീന്‍ ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തെ ഈ രീതിയില്‍ തന്നെ കാണിക്കാനാണ് ഞാന്‍ ഉദ്ദേശിച്ചത്.

അതുപോലെ ചിത്രത്തിലെ മറ്റ് വില്ലന്മാരെല്ലാം എന്റെ കൂട്ടുകാരാണ്. വിഷ്ണു അഗസ്ത്യയെ മാത്രമേ അറിയാത്തതായുള്ളൂ. എന്റെ ആരവം സിനിമയുടെ ഓഡിഷന് ഇവരെല്ലാം വന്നിരുന്നു. എന്നെ പ്രതീക്ഷിച്ച് ഒന്നര വര്‍ഷത്തോള്ളം ആരവം എന്ന ഒരു ക്യാമ്പസ് സിനിമക്കുവേണ്ടി കുറച്ച് തയ്യാറെടുപ്പുകള്‍ നടത്തിയവരാണ്. അപ്പോള്‍ അവരോട് എനിക്കൊരു കമിറ്റ്മെന്റെുണ്ട്.

ഞാന്‍ ഒരു പടം ചെയ്യുമ്പോള്‍ അവര്‍ക്ക് ഒരു അവസരം കൊടുക്കണമല്ലോ. പിന്നെ എനിക്ക് അവര്‍ നല്ല കംഫര്‍ട്ടാണ് അവരുടെ കഴിവും എനിക്ക് നന്നായിട്ടറിയാം. ഞങ്ങള്‍ ഒരുമിച്ചാല്‍ നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു.

ഇവന്മാര്‍ ഒരു പത്ത് പന്ത്രണ്ട് വര്‍ഷമായിട്ട് എറണാകുളത്ത് നില്‍ക്കുന്നവരാണ്. വിഷ്ണു അഗസ്ത്യയൊക്കെ കിരണ്‍ ടി.വിയില്‍ ആങ്കറായിട്ട് വന്നപ്പോള്‍ മുതല്‍ കൊച്ചിയിലുണ്ട്. അദ്ദേഹത്തിന്റെ കാസ്റ്റിങ്ങിലാണ് ഫ്രഷായിട്ടുള്ള ഒരാള്‍ വേണമെന്ന് എനിക്ക് തോന്നിയത്.

പുള്ളി അഭിനയിച്ച ഇന്‍സോമ്‌നിയ നൈറ്റ്‌സ് എന്ന ഷോര്‍ട്ട് ഫിലിം കണ്ടപ്പോള്‍ തന്നെ ഉഗ്രനാണെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ഓഡിഷന് വിളിക്കുന്നത്. പിന്നെ ഈ ക്യാരക്ടറിന് വേണ്ടി വിഷ്ണു കുറച്ച് ഫിസിക്കന്‍ ട്രാസ്ഫര്‍മേഷനൊക്കെ നടത്തിയിരുന്നു. ആള്‍ക്ക് കുറച്ച് വണ്ണമൊക്കെയുണ്ടായിരുന്നു. അത്തരത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഈ സിനിമ ഒരേ രീതിയില്‍ പ്രധാനപ്പെട്ടമാണ്’, നഹാസ് പറഞ്ഞു.

Content Highlight: Nahas Hidayath about Babu Antonys Character Importance of RDX

We use cookies to give you the best possible experience. Learn more