ഈ പടം ചെയ്താല്‍ നീ ഫീല്‍ഡ് ഔട്ട് ആകുമെന്ന് ബേസിലേട്ടന്‍; ആ നടന്റെ ഡേറ്റും വാങ്ങി പോയ ഞാന്‍ തകര്‍ന്നു പോയി: നഹാസ്
Movie Day
ഈ പടം ചെയ്താല്‍ നീ ഫീല്‍ഡ് ഔട്ട് ആകുമെന്ന് ബേസിലേട്ടന്‍; ആ നടന്റെ ഡേറ്റും വാങ്ങി പോയ ഞാന്‍ തകര്‍ന്നു പോയി: നഹാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th November 2023, 4:44 pm

ആറ് മാസം കഷ്ടപ്പെട്ട് താന്‍ എഴുതിയ ഒരു സ്‌ക്രിപ്റ്റുമായി സംവിധായകനും തന്റെ ഗുരുവുമായ ബേസില്‍ ജോസഫിനെ കാണാന്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവം പറയുകയാണ് സംവിധായകന്‍ നഹാസ് ഹിദായത്ത്. ഏറെ പ്രതീക്ഷയോടെയാണ് ബേസിലേട്ടന്റെ അടുത്ത് സ്‌ക്രിപ്റ്റുമായി പോയതെന്നും എന്നാല്‍ അത് വായിച്ച ശേഷമുള്ള പുള്ളിയുടെ മറുപടി തന്നെ തകര്‍ത്തുകളഞ്ഞെന്നുമാണ് നഹാസ് പറയുന്നത്. ആര്‍.ഡി.എക്‌സ് സിനിമ ചെയ്യുന്നതിനുമൊക്കെ മുന്‍പുള്ള ഒരു സംഭവമാണ് നഹാസ് ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘ ആര്‍.ഡി.എക്‌സ് കണ്ട ശേഷം സിനിമ കുഴപ്പമില്ലെന്നും ചില സ്ഥലങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ബേസിലേട്ടന്‍ പറയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ബേസിലേട്ടന്‍ എന്നെ ഫോണില്‍ വിളിച്ചിട്ട് കാറിക്കൂവിയാണ് സംസാരിച്ചത്. അടിപൊളിയാണെടാ തിയേറ്ററില്‍ എല്ലാവരും കയ്യടിച്ച് പടം കണ്ടു, നീ വാ എനിക്ക് നിന്നെ കാണണം എന്ന മൂഡായിരുന്നു.

ബേസിലേട്ടന്റെ വാക്കുകള്‍ തിയേറ്ററില്‍ നിന്നും കിട്ടുന്ന കയ്യടി പോലെ തന്നെ സന്തോഷം തന്നിരുന്നു. ബേസിലേട്ടന്‍ ഓക്കെ പറയാന്‍ അത്ര എളുപ്പമല്ല. ഞാന്‍ ആദ്യമായി ഒരു സ്‌ക്രിപ്റ്റ് എഴുതി കൊണ്ട് കൊടുത്തിട്ട് എന്നെ നോക്കിയ ഒരു നോട്ടമുണ്ട്. ഇത് ചെയ്താല്‍ നീ ഫീല്‍ഡ് ഔട്ട് ആകും എന്നാണ് പറയുന്നത്.

ആലോചിച്ച് നോക്കണം. ആറേഴ് മാസം എഴുതി പണിയെടുത്ത് കൊണ്ടുകൊടുത്താണ്. ബേസിലേട്ടാ ഞാന്‍ ഇന്‍ഡിപെന്‍ഡന്റ് ആവാന്‍ പോകുകയാണെന്ന് പറഞ്ഞിട്ടാണ് ഇത് കൊണ്ടുപോകുന്നത്. മാത്രമല്ല വേറൊരു ആര്‍ടിസ്റ്റിന്റെ ഡേറ്റും വാങ്ങിയാണ് വന്നത്.

സ്‌ക്രിപ്റ്റ് വായിച്ച ശേഷം എന്നെ ഒരു നോട്ടം നോക്കി. ഇത് നീ ചെയ്താല്‍ നീ ഫീല്‍ഡ് ഔട്ട് എന്ന് പറഞ്ഞു കളഞ്ഞു. അതില്‍ ഇനി ഇത് എന്ത് ചെയ്യാന്‍ പറ്റുമെന്നൊക്കെ വേണമെങ്കില്‍ പറയാം. അതും പറഞ്ഞില്ല (ചിരി)

ആര്‍.ഡി.എക്‌സ് കണ്ട ശേഷം ബ്രൂട്ടലായി എന്നെ കൊല്ലുമെന്നും ഗിമ്മിക്കിലൊക്കെ രക്ഷപ്പെട്ടുപോയ ഒരു പടം എന്നൊക്കെ പറയുമെന്നുമാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ ആര്‍.ഡി.എക്‌സിന്റെ വിജയം ബേസിലേട്ടന്‍ സെലിബ്രേറ്റ് ചെയ്യുകയായിരുന്നു. എന്നെ സംബന്ധിച്ച് അത് വലിയൊരു അച്ചീവ്‌മെന്റായിരുന്നു,’ എന്ന് നഹാസ് പറഞ്ഞപ്പോള്‍ പച്ചയ്ക്ക് പറയേണ്ടിടത്ത് അങ്ങനെ പറയണമെന്നും അങ്ങനെ കൊന്നാലേ നല്ലത് വരുള്ളൂവെന്നുമായിരുന്നു ബേസിലിന്റെ കമന്റ്.

‘കുഴപ്പമില്ലെടാ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ നിന്നാല്‍ നല്ലതാണെന്ന് അവരും കരുതിയാലോ. ഇത് കൊള്ളൂല നീ ഫീല്‍ഡ് ഔട്ട് ആണെന്ന് പറഞ്ഞാല്‍ അതില്‍ കൂടുതല്‍ ഒന്നും ആലോചിക്കാന്‍ ഇല്ല. ശരിക്കും കൊള്ളൂലാത്തതുകൊണ്ട് കൂടിയാണ് (ചിരി). അതുകൊണ്ട് എന്തായി, അവന്‍ ആര്‍.ഡി.എക്‌സ് എടുത്തില്ലേ,’ ബേസില്‍ പറഞ്ഞു.

ആ സ്‌ക്രിപ്റ്റിന് ഓക്കെ പറഞ്ഞ ആക്ടര്‍ ആരായിരുന്നു എന്ന ചോദ്യത്തിന് ചിരിയായിരുന്നു നഹാസിന്റേയും ബേസിലിന്റേയും മറുപടി.

‘ ആര്‍.ഡി.എക്‌സ് ഞാന്‍ ഫുള്‍ പാക്ക്ഡ് തിയേറ്ററിലാണ് കണ്ടത്. പടം കണ്ട് പുറത്തിറങ്ങിയപ്പോള്‍ തന്നെ പടം ഹിറ്റായെന്ന് ഞാന്‍ ഉറപ്പിച്ചു. പുറത്തിറങ്ങി പലരോടും നമ്മുടെ കൂടെ ഉണ്ടായിരുന്ന ആളാണ് എന്നൊക്കെ പറയുന്നത് ഭയങ്കര ഫീലിങ് ആയിരുന്നു.

നമുക്കൊപ്പമുള്ള ഒരാള്‍ സക്‌സസ് ഫുള്‍ ആകുമ്പോള്‍ നമുക്കുണ്ടാകുന്ന സന്തോഷമുണ്ട്. നഹാസിനെ വീട്ടിലേക്ക് വിളിപ്പിച്ച് കേക്ക് കട്ട് ചെയ്യിപ്പിച്ച് സെലിബ്രേറ്റ് ചെയ്തു. നമ്മുടെ കൂടി ഒരു അച്ചീവ്‌മെന്റ് ആണല്ലോ അത്.

എല്ലാവരും അങ്ങനെ എത്തണം എന്ന ആഗ്രഹമുണ്ട്. ഇനിയും രണ്ട് മൂന്ന് പേര്‍ അടുത്ത വര്‍ഷമൊക്കെയായിട്ട് തുടക്കം കുറിക്കാനുണ്ട്. എന്റെ തൊട്ട് താഴെയുള്ള ആളുകള്‍ ഇന്റിപെന്റന്‍ഡ് ആകാനുള്ള സീസണാണ് ഇനിയുള്ളത്, ബേസില്‍ പറഞ്ഞു.

Content Highlight: Nahas Hidayath about a script he write and basil reaction