സിനിമയിൽ വരുന്നതിന് വേണ്ടി സാമ്പത്തികമായി താൻ വളരെ കഷ്ട്ടപ്പെട്ടിരുന്നെന്നും ഊബറിലും സൊമാറ്റോയിലുമൊക്കെ ജോലി ചെയ്തിരുന്നെന്നും സംവിധായകന്‍ നഹാസ് ഹിദായത്ത്. സിനിമ മാത്രമല്ല കൂടെ കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടെ നോക്കേണ്ടിയിരുന്നതിനാൽ മറ്റു ജോലികൾക്കും താൻ പോയിരുന്നെന്നും നഹാസ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാമ്പത്തികമായി ഭയങ്കര മോശം അവസ്ഥയായിരുന്നു. പാലാരിവട്ടത്ത് റൂമിൽ ഞങ്ങൾ ആറ് ഏഴ് പേരുണ്ടായിരുന്നു. അതിൽ ചില ആളുകൾക്ക് ആഡിൽ അസ്സിസ്റ് ചെയ്യാൻ അവസരം കിട്ടും. ഞാനും ആഡ് ഫിലിമ്സിലൊക്കെ അസിസ്റ്റ് ചെയ്യാൻ പോവാറുണ്ട്.
ആർക്കെങ്കിലും ഒരാൾക്ക് ശമ്പളം കിട്ടിയാൽ ഞങ്ങൾ ഒരാഴ്ച്ച കഴിയും. ഒരു ആയിരത്തി അഞ്ഞൂറ് രൂപ രണ്ടായിരം രൂപ കിട്ടി കഴിഞ്ഞാൽ അപ്പോൾ തന്നെ ബൾക്കായിട്ട് മാവേലി സ്റ്റോറിലൊക്കെ പോയിട്ട് കുറെ സാധനങ്ങൾ വാങ്ങിക്കും. അടുത്ത ഒരാൾക്ക് പണി കിട്ടുന്നത് വരെ നമ്മൾ അത് വെച്ച് കഴിയും.
ഞങ്ങൾ ഒരാൾക്ക് ജോലി കിട്ടിക്കഴിഞ്ഞാൽ ആ പണം കോമണാണ്. ആരെങ്കിലും ഒരാൾക്ക് എങ്ങനെങ്കിലും പണി കിട്ടും. ഊബർ ഓടിക്കാൻ പോയ ആളുകളുണ്ടായിരുന്നു നമ്മുടെ കൂട്ടത്തിൽ.
ഇതിലെ ഡാൻസറായി അഭിനയിച്ചില്ലേ മിഥുൻ അവൻ ഇവിടെ ഊബർ ഓടിക്കുമായിരുന്നു. ഞാനും ഊബർ ഓടിച്ചിട്ടുണ്ട്. സൊമാറ്റോയിലും ജോലി ചെയ്തിട്ടുണ്ട്.
എല്ലാവരും എല്ലാ പണിയും ചെയ്യുമായിരുന്നു. സിനിമയിൽ മാത്രമല്ല ജോലി ചെയ്തത്. നമ്മുടെ ആഗ്രഹം സിനിമയാണ്. നമ്മുടെ മാക്സിമം സമയം സിനിമയ്ക്ക് കൊടുക്കും. പക്ഷെ ജീവിക്കാനുള്ള ഒരു പരിപാടി കൂടെ ചെയ്യും. നമുക്കും വീട്ടിലേക്കൊക്കെ എന്തേലുമൊക്കെ കൊടുക്കണം. നമ്മളെ ആശ്രയിച്ചാണ് കുടുംബം നിൽക്കുന്നത്. അതിന്റെതായ ഉത്തരവാദിത്തം വെച്ചുകൊണ്ട് തന്നെ നമ്മുടെ ആഗ്രഹത്തിന് വേണ്ടി ട്രൈ ചെയ്യുമായിരുന്നു,’ നഹാസ് പറഞ്ഞു.
തന്റെ വിജയത്തിൽ ഉമ്മ സന്തോഷവതിയാണെന്നും അവർക്കൊന്നും സിനിമയെക്കുറിച്ച് അറിയാത്തതുകൊണ്ട് താൻ എന്താ ചെയ്യുന്നതെന്നതിനെക്കുറിച്ച് സംശയമായിരുന്നെന്നും നഹാസ് പറഞ്ഞു. എല്ലാം ഒരു ബാലൻസിൽ പിടിച്ചോ എന്ന് ഉമ്മച്ചി തന്നോട് പറയാറുണ്ടെന്നും നഹാസ് പറഞ്ഞു.
‘ അവർക്കറിയില്ല ഇവൻ എന്താ സിനിമയിൽ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന്. എന്നും പോവുന്നുണ്ട് വരുന്നുണ്ട് എന്തോ നടക്കുന്നുണ്ട് എന്നല്ലാതെ ഇതിന്റെ പരിപാടി എന്താണെന്ന് അവർക്ക് അറിയില്ല. അവരുടെ കണ്ണിൽ ഈ രണ്ട് മണിക്കൂർ കണ്ടു വിടുന്നതിനാണോ ഇത്രയും വർഷമായിട്ട് പണിയെടുക്കുന്നത് എന്ന ചിന്തയാണ്. അറിയില്ല(ചിരി) അതിന്റെ ഒരു പ്രശ്നമുണ്ട്.
പക്ഷെ ഇപ്പോൾ എല്ലാവരും വന്നിട്ട് നിന്റെ മകന്റെ പടം കണ്ടു, നന്നായിട്ടുണ്ടെടി എന്ന് ഉമ്മാനെ വിളിച്ച് ബന്ധുക്കാരും നാട്ടുകാരുമൊക്കെ പറയുമ്പോൾ ഉമ്മ ഭയങ്കര സന്തോഷത്തിലാണ്.
പക്ഷെ ഉമ്മ എന്റെ അടുത്ത് പറയും എടാ അധികം അങ്ങോട്ട് മതിമറന്ന് സന്തോഷിക്കേണ്ട. സക്സസ് കിട്ടി ഓക്കേ, ഇനി അടുത്ത പരിപാടികൾ നോക്ക് എന്ന് .
എല്ലാം ഒന്ന് ബാലൻസിൽ പിടിച്ചോ എന്ന് ഉമ്മച്ചി എപ്പോഴുമെന്നെ ഓർമിപ്പിച്ചോണ്ടിരിക്കും. സക്സസ് ബാലൻസ് ചെയ്യാൻ പറ്റണം, രണ്ടും ബാലൻസ് ചെയ്യാൻ പറ്റണം. അല്ലെങ്കിൽ ഒന്നിലോട്ട് മാത്രം പോയികൊണ്ടിരുന്നാൽ ശരിയാവില്ല. അതുകൊണ്ട് ആ ഓർമ എപ്പോഴും ഉമ്മ എനിക്ക് തരാറുണ്ട്,’.നഹാസ് പറഞ്ഞു.
ഉമ്മയുടെ കൂടെ തിയറ്ററിൽ നിലത്തിരുന്നാണ് താൻ പടം കണ്ടതെന്നും നഹാസ് പറഞ്ഞു.
Content Highlight: Nahas Hidayat said that he had suffered a lot financially in order to appear in films