സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ നഹാസ് ഹിദായത്ത്. താൻ ആദ്യമായി ഒറ്റക്ക് തിയേറ്ററിൽ പോയപ്പോൾ ഉപ്പ അവിടെ വന്ന് ടോർച്ച് അടിച്ച് തന്നെ കണ്ടുപിടിച്ചെന്നും അവിടുന്ന് പൊക്കിയെടുത്ത് കൊണ്ട് പോയെന്നും നഹാസ് പറഞ്ഞു. റോഡിലൂടെ വീട്ടിലേക്ക് തല്ലി നടത്തികൊണ്ട് പോവുകയായിരുന്നെന്നും നഹാസ് പറഞ്ഞു.
ഡിഗ്രി കാലഘട്ടത്തിൽ താനൊരു ആൽബം റിലീസ് ചെയ്തിരുന്നെന്നും അതുവഴിയാണ് തന്റെ കഴിവ് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നഹാസ് ഹിദായത്ത്.
‘കാഞ്ഞിരപ്പള്ളിയിൽ ഗ്രാൻഡ് ഒപേര എന്ന് പറഞ്ഞിട്ടുള്ള തിയേറ്റർ ഉണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ ആദ്യമായി ഒറ്റയ്ക്ക് പോയിട്ട് പടം കണ്ടു. ഞാൻ തിയേറ്ററിൽ പോയിരിക്കുന്നു എന്ന് വാപ്പച്ചി അറിഞ്ഞു. വാപ്പച്ചി തിയേറ്ററിൽ വന്ന് ടോർച്ചടിച്ചിട്ട് അവിടെ നിന്ന് എന്നെ പൊക്കി കൊണ്ട് പോയി. അവിടുന്ന് വീട് വരെ എന്നെ അടിച്ചിട്ടുണ്ട്. റോഡിലൂടെയൊക്കെ തള്ളി നടത്തിക്കൊണ്ടു പോയി. എനിക്ക് ആകെ എന്തോ പോലെയായി. മമ്മൂക്കയുടെ വജ്രം എന്ന സിനിമയാണ് ഞാൻ അന്ന് കണ്ടിരുന്നത്.
നമുക്കൊരു റെസ്ട്രിക്‌ഷൻ വന്നല്ലോ സിനിമയോട്. ചിലപ്പോൾ ആ അടി കിട്ടിയത് കൊണ്ടാവാം സിനിമയോട് ഇത്ര ആവേശം വന്നത്. റെസ്ട്രിക്ട് ചെയ്യുന്ന കാര്യങ്ങളാണല്ലോ നമുക്ക് കുറച്ചുകൂടെ ചെയ്യാൻ തോന്നുക.
കോളേജിൽ പഠിക്കുന്ന സമയത്തൊന്നും എനിക്ക് പ്രത്യേകിച്ച് കഴിവ് ഉള്ളതായി തോന്നിയിട്ടില്ല. ഞാൻ സ്പോർട്സിൽ സൂപ്പർ അല്ല, പാടാൻ കഴിവില്ല, സ്റ്റേജിൽ കയറി പ്രോഗ്രാം ചെയ്യാൻ കഴിയില്ല. കോളേജ് വരെ എത്തിയിട്ടും എനിക്ക് എടുത്ത് പറയാൻ ഒരു കഴിവും ഇല്ല.
കോളേജിൽ പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു മ്യൂസിക് ആൽബം ഞാൻ ഡയറക്ട് ചെയ്തു. ചുമ്മാ ആഗ്രഹത്തിന്റെ പേരിൽ കുറച്ച് പിള്ളേരെയൊക്കെ വെച്ചാണത് ചെയ്തത്. അത് അന്ന് കോളേജിൽ കാണിച്ചിട്ട് പിള്ളേരൊക്കെ കൈ അടിച്ചു.
റെജി വർഗീസ് മേക്കാടൻ എന്ന പൊളിറ്റിക്സ് സാർ വന്ന് എന്നോട് പറഞ്ഞു ‘നിനക്ക് പഠിക്കാൻ കഴിവ് ഒന്നുമില്ലെങ്കിലും ഇതിൽ ഒരു കഴിവ് കാണുന്നുണ്ട്’ എന്ന്. എന്നോട് ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ പറയുന്നത് ഇതിനുമുൻപ് ഇങ്ങനെയാരും എന്നെ അഭിനന്ദിച്ചിട്ടില്ല,’ നഹാസ് പറഞ്ഞു.
പിന്നീട് തന്റെ കൂട്ടുകാരെ അഭിനയിപ്പിച്ച് ഷോർട്ട് ഫിലിമുകളൊക്കെ ചെയ്തിട്ടുണ്ടെന്നും നഹാസ് പറഞ്ഞു.
Content Highlight: Nahas Hidayat said that father came to the theater and picked him up