| Thursday, 23rd November 2023, 7:33 pm

സിനിമാറ്റിക് എക്‌സ്പീരിയന്‍സിന്റെ അങ്ങേയറ്റം, പ്രൗഡ് ഫാന്‍ ബോയ് മൊമെന്റ്; കാതല്‍ കണ്ട് ആവേശത്തില്‍ നഹാസ് ഹിദായത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാതല്‍ ദി കോര്‍ സിനിമയേയും മമ്മൂട്ടിയേയും പുകഴ്ത്തി ആര്‍.ഡി.എക്‌സ് സംവിധായകന്‍ നഹാസ് ഹിദായത്ത്. മമ്മൂട്ടി അല്ലാതെ വേറെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഈ റിസ്‌ക് എടുക്കില്ലെന്നും അത് തനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റുമെന്നും നഹാസ് പറഞ്ഞു. മമ്മൂട്ടിയുടെ ഫാന്‍ ബോയ് എന്ന നിലയില്‍ ഭയങ്കര സന്തോഷമുണ്ടെന്നും നഹാസ് പറഞ്ഞു.

സിനിമാറ്റിക് എക്‌സ്പീരിയന്‍സിന്റെ അങ്ങേയറ്റമാണെന്നും അവസാനം വരെ പിടിച്ചിരുത്തിയ ജേര്‍ണിയാണ് കാതല്‍ ദി കോറെന്നും നഹാസ് പറഞ്ഞു. ചിത്രം കണ്ടതിന് ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്ക അല്ലാതെ വേറെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഈ റിസ്‌ക് എടുക്കില്ല. അത് എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും. ഇത് നിങ്ങള്‍ തിയേറ്ററില്‍ തന്നെ കണ്ട് എക്‌സ്പീരിയന്‍സ് ചെയ്യണം. അത്ര ഗംഭീരമായി മമ്മൂക്ക ചെയ്ത് വെച്ചിട്ടുണ്ട്. മിനുക്കിയെടുത്താല്‍ വീണ്ടും മിനുങ്ങും എന്ന് മമ്മൂക്ക പറയില്ലേ, വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രൗഡ് ഫാന്‍ ബോയ് മൊമെന്റാണ്. മമ്മൂക്കയുടെ ഫാന്‍ ബോയ് എന്ന നിലയില്‍ ഭയങ്കര സന്തോഷം. മമ്മൂക്ക നമ്മളെ എപ്പോഴും ഞെട്ടിക്കുന്ന ആക്ടറാണല്ലോ.

ഇങ്ങനെ ഒരു കണ്ടന്റ് ഇതിലുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. ഇതെങ്ങനെ പ്രസന്റ് ചെയ്യുമെന്നായിരുന്നു ചിന്തിച്ചത്. ജിയോ ബേബി ചേട്ടന്‍ ഗംഭീരമായാണ് പ്രസന്റ് ചെയ്തിരിക്കുന്നത്. സിനിമാറ്റിക് എക്‌സ്പീരിയന്‍സിന്റെ എക്‌സ്ട്രീമാണ്. ആദ്യത്തെ അഞ്ച് മിനിട്ടില്‍ പടത്തില്‍ ലോക്കാവും അവിടുന്ന് അവസാനം വരെ പിടിച്ചിരുത്തിയ ജേര്‍ണിയാണ്. അഭിനയിച്ചിരിക്കുന്ന എല്ലാവരും കിടിലന്‍ പെര്‍ഫോമന്‍സ്. നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന പടമാണ്,’ നഹാസ് പറഞ്ഞു.

അതേസമയം കാതല്‍ ദി കോറിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസത്തില്‍ തന്നെ ലഭിക്കുന്നത്. മാത്യു ദേവസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു സൂപ്പര്‍ താരത്തിനും ധൈര്യം ലഭിക്കില്ലെന്നും പ്രകടനത്തില്‍ വീണ്ടും വീണ്ടും ഞെട്ടിക്കാന്‍ ഇദ്ദേഹത്തിന് എങ്ങനെയാവുന്നുവെന്നുമാണ് ചിത്രം കണ്ടവര്‍ പറയുന്നത്.

വൈകാരികമായി പ്രേക്ഷകനെ ചിത്രം മറ്റൊരു തലത്തിലെത്തിക്കുമെന്നും ജ്യോതിക മുതല്‍ എല്ലാ കഥാപാത്രങ്ങളുടെയും മികച്ച പ്രകടനമാണ് ചിത്രത്തിലെന്നും അഭിപ്രായങ്ങളുണ്ട്.

ചിന്നു ചാന്ദിനി, മുത്തുമണി, കലാഭവന്‍ ഹനീഫ്, ജോജി മുണ്ടക്കയം, സുധി കോഴിക്കോട് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെയ്മര്‍, ആര്‍.ഡി.എക്സ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മാത്യൂസ് പുളിക്കന്‍ ആണ് സംഗീതം.

Content Highlight: Nahas Hidayat praised Kathal the core movie and Mammootty

We use cookies to give you the best possible experience. Learn more