ഷിംല: മൃഗബലി വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കിയത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം വ്യാപാരിയുടെ കട അടിച്ചു തകർത്ത് തീവ്ര ഹിന്ദുത്വ പ്രവർത്തകർ. ഹിമാചൽ പ്രദേശിലെ നഹാനിലാണ് സംഭവം. ഉത്തർപ്രദേശ് സാഹാരപൂർ സ്വദേശിയായ ജാവേദിന്റെ കടയാണ് അക്രമികൾ അടിച്ചു തകർത്തത്. പശുവിനെ ബലി കൊടുത്തെന്നും പറഞ്ഞ് കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം കട അടിച്ചു തകർക്കുകയായിരുന്നു.
സംഘർഷം നടന്ന ഉടനെ പൊലീസ് പ്രദേശത്തെത്തിയെങ്കിലും അവർ കാര്യമായി ഇടപെട്ടില്ലെന്ന് പ്രദേശ വാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം മൃഗത്തിനെ ബലി അർപ്പിക്കുന്ന വീഡിയോ ജാവേദ് തന്റെ വാട്സാപ്പ്‍ സ്റ്റാറ്റസ്സ് ആക്കുകയായിരുന്നു.
ഇതിനെ തുടർന്ന് ഗോവധം ആരോപിച്ച് തീവ്ര ഹിന്ദുത്വ പ്രവർത്തകർ തുണികടയിലേക്ക് വരുകയും കടയിലെ സാധനങ്ങൾ വലിച്ചെറിയുകയുമായിരുന്നു. കടയിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും അക്രമികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് നടന്ന ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു.
പൊലീസിന്റെ മുന്നിൽ വെച്ചാണ് അക്രമികൾ കട അടിച്ചു തകർത്തതെന്ന് പ്രദേശ വാസികൾ പറഞ്ഞു. ഏറെ നേരം കഴിഞ്ഞാണ് പൊലീസ് പ്രശ്നത്തിൽ ഇടപെട്ടതെന്നും, ആളുകളെ അവിടെ നിന്നും ഒഴിപ്പിക്കാൻ ശ്രമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. പശുവിനെ കൊന്നതിനെതിരെ മുദ്രാവാക്യം വിളിച്ച് ചില പ്രാദേശിക ഹിന്ദു സംഘടനകൾ പട്ടണത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
ജാവേദിനെ ഹിമാചൽ പ്രദേശിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും, മുസ്‌ലിം വ്യാപാരികൾക്ക് വാടയ്ക്ക് നൽകിയ കടകൾ എത്രയും വേഗം ഉടമകൾ ഒഴിപ്പിക്കണമെന്നും അക്രമികൾ ആവശ്യപ്പെട്ടു.
Content Highlight: Nahan traders down shutters, shop ransacked over ‘cow slaughter’ video