|

ഛാവ ഔറംഗസേബിനെതിരായ പ്രകോപനത്തിന് കാരണമായി, വസ്തുതകള്‍ ഉള്‍ക്കൊണ്ട് ക്രമസമാധാനം നിലനിര്‍ത്തണം: ഫഡ്നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഹിന്ദി സിനിമയായ ഛാവ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെതിരെ പ്രകോപനമുണ്ടാക്കിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നാഗ്പൂരില്‍ നടന്ന സംഘര്‍ഷത്തില്‍ ഛാവ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഒരു സിനിമയെയും കുറ്റപ്പെടുത്തുന്നില്ലെന്നും വാസ്തവത്തില്‍ ഛാവ യഥാര്‍ത്ഥമായ ചരിത്രമാണ് പറഞ്ഞതെന്നും ഫഡ്നാവിസ് പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ ഛാവ കാരണമായെന്ന വസ്തുത മറച്ചുവെക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വസ്തുതകള്‍ മനസില്‍ വെച്ചുകൊണ്ട് തന്നെ മഹാരാഷ്ട്രയില്‍ ക്രമസമാധാനം നിലനിര്‍ത്തേണ്ടതുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു. അതേസമയം നാഗ്പൂരില്‍ ഔറംഗസേബിന്റെ ശവകൂടീരത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ 40ലധികം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ (തിങ്കള്‍) മുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 18 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

നാഗ്പൂരില്‍ നിലവില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സമാധാനപരമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആര്‍.എസ്.എസിന്റെ ആസ്ഥാനത്തിന് സമീപമാണ് അക്രമം നടന്നത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും മറ്റ് വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.

ആക്രമണത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിറ്റ്നിസ് പാര്‍ക്ക്, മഹല്‍, മധ്യ നാഗ്പൂരിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.

സംഘര്‍ഷം ആസൂത്രിതമാണെന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് നിയമസഭയില്‍ പറഞ്ഞത്. സംഘര്‍ഷത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഫഡ്നാവിസ് പറഞ്ഞു.

ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ് ദളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്‍ മറ്റൊരു ബാബറി മസ്ജിദ് ആവര്‍ത്തിക്കുമെന്നായിരുന്നു ഭീഷണി.

Content Highlight: Nagpur violence: Film ‘Chhaava’ sparked anger against Aurangzeb, says fadnavis

Latest Stories