ചെന്നൈ: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാഗ്പൂരിലെ തൊഴിലിടത്തില്‍ നിന്നും തമിഴ്നാട്ടിലെ സ്വന്തം ഗ്രാമത്തിലേക്ക് എത്താന്‍ 500 കിലോമീറ്ററിലധികം കാല്‍നടയായി യാത്ര ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
തമിഴ്‌നാട് നാമക്കല്‍ സ്വദേശി ലോഗേഷ് ബാലസുബ്രഹ്മണി (23) ആണ് കുഴഞ്ഞുവീണ് മരിച്ചത്. മൂന്നു ദിവത്തോളം നടന്ന് നാഗ്പൂരില്‍ നിന്നും സെക്കന്തറാബാദു വരെ എത്തിയ 26 അംഗസംഘത്തിലെ ഒരാളായിരുന്നു ലോഗേഷ്.
സെക്കന്തറാബാദില്‍ എത്തിയതോടെ ഇവരെ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ബോവെന്‍പള്ളിയിലെത്തിയ സംഘത്തെ വെസ്റ്റ് മറെഡ്പളളിയിലെ കമ്മ്യൂണിറ്റി ഹാളില്‍ എത്തിച്ചു. ഇവിടെ വിശ്രമിക്കുന്നതിനിടെ ലോഗേഷ് കുഴഞ്ഞുവീണു.
ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ എത്തി പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
തൊഴിലുടമകള്‍ ഭക്ഷണവും പാര്‍പ്പിടവും നല്‍കില്ലെന്ന് അറിയിച്ചതോടെ തങ്ങള്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി സത്യ പറഞ്ഞു.
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പ്രതിസന്ധിയിലാവുകയായിരുന്നു. സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാന്‍ രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തൊഴിലാളികള്‍ കാല്‍നടയായി മടങ്ങുകയാണ്.