national news
വിദ്യാലയങ്ങളില്‍ ടോയ്‌ലെറ്റില്ല, ഉള്ളതിന് സുരക്ഷയില്ല; റൈറ്റ് ടു പീ ക്യാമ്പയിന്‍ ആരംഭിച്ച് നാഗ്പൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 05, 11:27 am
Sunday, 5th March 2023, 4:57 pm

നാഗ്പൂര്‍: സ്ത്രീകള്‍ക്കായി പൊതു ടോയ്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി നാഗ്പൂര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ പ്രതിഷേധം. റൈറ്റ് ടു പീ ക്യാമ്പയിനിന്റെ ഭാഗമായാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്. അധികാരികളെ വിവരം ബോധിപ്പിച്ചിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്നും പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

പൊതു സ്ഥലങ്ങളില്‍ സുരക്ഷിതവും വൃത്തിയുമുള്ള മൂത്രപ്പുരകള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. 2021 മുതലാണ് സംഘടന റൈറ്റ് ടു പീ ക്യാമ്പയിനിന് തുടക്കമിടുന്നത്.

പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മൂത്രപ്പുരകളുടെ വൃത്തിയില്ലായ്മ സ്ത്രീകളില്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാക്കുന്നുവെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

കൃത്യമല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മിച്ച ടോയ്‌ലെറ്റുകള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നും ആക്ടിവിസ്റ്റും അഭിഭാഷകയുമായ സ്മിത സിങ്കാല്‍ക്കര്‍ പറഞ്ഞു.

സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളില്‍ പല സ്‌കൂളുകള്‍ക്കും മൂത്രപ്പുരകളില്ലെന്നും സ്മിത ചൂണ്ടിക്കാട്ടി.

‘പല ഗ്രാമീണ സ്‌കൂളുകളിലും കുട്ടികള്‍ക്ക് മൂത്രപ്പുരകളില്ല. ഇത്തരം സ്‌കൂളുകളിലുള്ള വിദ്യാര്‍ത്ഥികള്‍ സമീപത്തെ വീടുകളിലെയോ കടകളിലെയോ ബാത്ത്‌റൂം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താറാണ് പതിവ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ കൃത്യമായി അധികാരികള്‍ പരിശോധിക്കേണ്ടതുണ്ട്.

ആവശ്യമുന്നയിച്ച് നേരത്തെ ബന്ധപ്പെട്ട അധികാരികള്‍ക്ക് പൊതുതാത്പര്യ ഹരജി നല്‍കിയിട്ടും വിഷയത്തില്‍ ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ടോയ്‌ലെറ്റ് നിര്‍മിക്കുക മാത്രം ചെയ്യാതെ ഇവയ്ക്ക് അടച്ചുറപ്പുള്ള ഗേറ്റും, വൈദ്യുതി സംവിധാനവും സര്‍ക്കാര്‍ ഒരുക്കണമെന്നും സ്മിത കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Nagpur restarted right to pee campaign