നാഗ്പുര്‍: മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് സമന്‍സ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തന്റെ പേരിലുള്ള രണ്ട് ക്രിമിനല്‍ക്കേസുകള്‍ മറച്ചുവെച്ചെന്ന കേസിലാണ് ഫഡ്‌നാവിസിന് സമന്‍സ് ലഭിച്ചത്.
നാഗ്പുര്‍ സദര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് ബന്‍സോഡെയാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സ്ഥിരീകരിച്ചത്. നാഗ്പുര്‍ കോടതി പുറപ്പെടുവിച്ച സമന്‍സ് താന്‍ ഫഡ്‌നാവിസിന്റെ വീട്ടില്‍ക്കൊണ്ടു പോയി നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. നാഗ്പുര്‍ എം.എല്‍.എയാണ് ഫഡ്‌നാവിസ്.
സത്യവാങ്മൂലത്തില്‍ കേസുകള്‍ മറച്ചുവെച്ചതിന് ഫഡ്‌നാവിസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട അഭിഭാഷകനായ സതീഷ് ഉകെ നല്‍കിയ ഹരജി ആദ്യം നാഗ്പുര്‍ കോടതി തള്ളിയിരുന്നു. ഇത് ബോംബെ ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഒക്ടോബര്‍ ഒന്നിന് സുപ്രീം കോടതിയാണ് ഹരജി സ്വീകരിക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതിയോടു നിര്‍ദ്ദേശിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 125 എ വകുപ്പ് പ്രകാരമുള്ള കുറ്റമാണിതെന്ന് മജിസ്‌ട്രേറ്റ് എസ്.ഡി മേത്ത നവംബര്‍ നാലിനു വ്യക്തമാക്കിയിരുന്നു.
നവംബര്‍ ഒന്നിനാണ് നാഗ്പുര്‍ കോടതി ഫഡ്‌നാവിസിന്റെ പേരിലുള്ള ക്രിമിനല്‍ നടപടികള്‍ തുടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സമന്‍സ് ഇപ്പോഴാണ് അയക്കുന്നത്.
1996, 1998 വര്‍ഷങ്ങളില്‍ ഫഡ്‌നാവിസിനെതിരെ വഞ്ചനയ്ക്കും തിരിമറിക്കും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവയാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്താതിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്നലെ വൈകീട്ടാണ് മഹാരാഷ്ട്രയില്‍ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്‍.സി.പി നേതാവ് അജിത് പവാറിനെ ബി.ജെ.പി പാളയത്തിലെത്തിച്ച് ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കിലും 80 മണിക്കൂര്‍ മാത്രമേ ആ സര്‍ക്കാരിന് ആയുസ്സുണ്ടായിരുന്നുള്ളൂ.