| Wednesday, 15th November 2017, 11:33 am

വിരമിക്കല്‍പ്രായം രാഷ്ട്രീക്കാര്‍ക്കും ബാധകമാണ്; പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍:രാഷ്ട്രീയക്കാര്‍ക്കും റിട്ടയര്‍മെന്റ് അഥവാ വിരമിക്കല്‍ ബാധകമാണെന്ന വാദവുമായി നാഗ്പൂരില്‍ നിന്നും അഭിഭാഷകന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതി രംഗത്തെത്തിയിരിക്കുകയാണ് നാഗ്പൂരില്‍ സേവനമനുഷ്ഠിക്കുന്ന യുവ അഭിഭാഷകന്‍ ആഷിഷ് കതാരിയ.

രാഷ്ട്രിയക്കാര്‍ക്കും വിരമിക്കല്‍ പ്രായം എര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. ” നമ്മുടെ രാജ്യത്ത് എല്ലാ മേഖലകള്‍ക്കും വിരമിക്കല്‍ പ്രായം എര്‍പ്പെടുത്തിയിട്ടുണ്ട്. അമ്പത് വയസ്സിനപ്പുറം എല്ലാവരും നിരവധി ആരോഗ്യ-മാനസിക പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ പ്രധാന നയതന്ത്രകാര്യങ്ങള്‍ തീരുമാനിക്കുന്ന ഭരണവിഭാഗത്തിനും വിരമിക്കല്‍ പ്രായം നിശ്ചയിക്കേണ്ടത് അനിവാര്യമാണ്”- കത്തില്‍ പറയുന്നു.

മാത്രമല്ല യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലുടെ രാജ്യത്തിന്റെ രാഷ്ട്രീയരംഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.


Dont Miss ശരിതെറ്റുകള്‍ ഇനി ജനം തീരുമാനിക്കട്ടെ; ഉപാധികളോടെയുള്ള രാജി കേട്ടുകേള്‍വിയില്ലാത്തതെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍


ജൈവികമായ മാനസിക- ആരോഗ്യപിരിമുറുക്കങ്ങള്‍ നേരിടുന്ന മനുഷ്യന് വിശ്രമിക്കാനുള്ള സമയം നല്‍കി പകരം ഊര്‍ജസ്വലവും, പുത്തന്‍ ആശയങ്ങളും കൈമുതലായുളള വിഭാഗത്തിന് അവസരം നല്‍കണമെന്നും ആഷിഷ് തന്റെ കത്തിലൂടെ അഭിപ്രായപ്പെടുന്നു.

മന്ത്രിസഭാപുനസ്സംഘടയയോടുകൂടി എഴുപതിലധികം മന്ത്രിമാര്‍ അംഗങ്ങളായുള്ള മന്ത്രിസഭയാണ് നിലവിലുള്ളത്. നിലവിലുള്ള അംഗങ്ങളുടെ പ്രായവും വിരമിക്കല്‍പ്രായത്തിനോടടുത്താണ്. സ്വാതന്ത്രാനന്തരകാലത്തിനിപ്പുറം സ്ഥിതി വ്യത്യസ്തമല്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാഷ്ട്രീയം യുവജനങ്ങളുടെ പ്രാതിനിധ്യം കുറയുന്ന മേഖലയായി തന്നെ ഇപ്പോഴും തുടരുന്നുണ്ട് എന്നും ഇതില്‍ നിന്ന് വ്യക്തമാണ്.

തൊഴിലിടങ്ങളില്‍ വിരമിക്കലിന് വളരെയധികം പ്രാധാന്യമുണ്ട്. മനുഷ്യന്റെ കാര്യവിഭവശേഷി കുറയുന്നതനുസരിച്ച് തൊഴിലിനോടുള്ള കാര്യശേഷിയും കുറയും. തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ ശരീരത്തിന്റെയും മനസ്സിന്റെയും ദൗര്‍ബല്യതകള്‍ വ്യക്തികള്‍ കൈകൊള്ളുന്ന തീരുമാനങ്ങളെയും ബാധിക്കും.

എല്ലാ തൊഴില്‍മേഖലയ്ക്കും ബാധകമായ വിരമിക്കല്‍ പ്രക്രിയയോട് രാഷ്ട്രീയരംഗം മുഖം തിരിച്ചാണ് നില്‍ക്കുന്നത്. രാഷ്ട്രീയപ്രേരിതമോ, മറ്റ് അജന്‍ഡകള്‍ നടപ്പാക്കാവാനോ അല്ല ഈ കത്ത്, രാജ്യത്തിന്റെ സാമുഹിക പുരോഗതി ലക്ഷ്യമാക്കിയുള്ള നിര്‍ദ്ദേശമായി തന്റെ കത്തിനെ കാണണമെന്നും ആഷിഷ് കതാരിയ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more