ഞങ്ങള്‍ ഇവിടെ നിന്ന് എഴുന്നേല്‍ക്കുന്നത് വരെ കോടതിയുടെ ഒരു മൂലയില്‍ പോയിരിക്കൂ; കോടതിയലക്ഷ്യക്കേസില്‍ നാഗേശ്വര റാവുവിനോട് സുപ്രീംകോടതി
national news
ഞങ്ങള്‍ ഇവിടെ നിന്ന് എഴുന്നേല്‍ക്കുന്നത് വരെ കോടതിയുടെ ഒരു മൂലയില്‍ പോയിരിക്കൂ; കോടതിയലക്ഷ്യക്കേസില്‍ നാഗേശ്വര റാവുവിനോട് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 12:48 pm

ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ സി.ബി.ഐ. മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിനെതിരെ ശിക്ഷാ നടപടി. ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് റാവുവിനു സുപ്രീം കോടതി ശിക്ഷ വിധിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അഡീഷണല്‍ ലീഗല്‍ അഡൈ്വസറേയും കോടതി സമാന രീതിയിലാണ് ശിക്ഷിച്ചത്.

“ഞങ്ങള്‍ ഇവിടെ നിന്ന് എഴുന്നേല്‍ക്കുന്നത് വരെ നിങ്ങള്‍ രണ്ട് പേരും പോയി കോടതിയുടെ ഒരു മൂലയില്‍ ഇരിക്കൂ.” എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

ബിഹാറിലെ മുസഫര്‍പൂര്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നടന്ന ലൈംഗികപീഡന കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനായ എ.കെ. ശര്‍മ്മയെ സ്ഥലം മാറ്റിയ സംഭവത്തിലാണ് നടപടി. നാഗേശ്വര റാവുവിന്റെ മാപ്പപേക്ഷ കോടതി തള്ളുകയും ചെയ്തു.

ALSO READ: അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്

സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് നാഗേശ്വരറാവു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തന്റെ നടപടി തെറ്റായിരുന്നുവെന്നും കോടതിയോട് നിരുപാധികം താന്‍ മാപ്പു ചോദിക്കുന്നതായും നാഗേശ്വര റാവു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ താന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് തെറ്റായിരുന്നുവെന്നും സ്ഥലംമാറ്റത്തിന് മുമ്പ് നിയമപരമായി തടസ്സമുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ നാഗേശ്വരറാവു പറഞ്ഞു.

കേസന്വേഷണ ചുമതലയുണ്ടായിരുന്ന സി.ബി.ഐ. ജോയിന്റ് ഡയറക്ടര്‍ എ.കെ. ശര്‍മ്മയെയാണ് ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര റാവു സ്ഥലംമാറ്റിയത്. ഇത് ചോദ്യം ചെയ്ത് എ.കെ ശര്‍മ്മ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

ശര്‍മ്മയ്ക്ക് അനുകൂലമായാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിധിപറഞ്ഞത്. ദൈവത്തിന് മാത്രമാണ് ഇനി നാഗേശ്വരറാവുവിനെ രക്ഷിക്കാനാകുക എന്നും കോടതി പ്രസ്താവിച്ചിരുന്നു. തുടര്‍ന്നാണ് കോടതി അലക്ഷ്യ നടപടികളുമായി കോടതി മുന്നോട്ട് പോകുന്നത്.

WATCH THIS VIDEO: