web series
'ഒരു ജീവിതം, അഞ്ച് ഭാര്യമാര്‍' ചിരിപ്പിക്കാന്‍ വീണ്ടുമൊരു വെബ് സീരീസെത്തുന്നു; നായകനായി സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 23, 01:50 am
Thursday, 23rd May 2024, 7:20 am

കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പേരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരീസുകള്‍ക്ക് ശേഷം ഹോട്ട്സ്റ്റാറില്‍ മലയാളത്തില്‍ നിന്നും നാലാമത്തെ വെബ് സീരീസും എത്തുന്നു. 2016ല്‍ പുറത്തിറങ്ങിയ കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കറാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്.

‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’ എന്ന പേരില്‍ വരുന്ന സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യാന്‍ തയാറെടുക്കുന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് ഡിസ്നി മലയാളത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

ശ്വേത മേനോന്‍, ഗ്രേസ് ആന്റണി, കനി കുസൃതി, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ നായികമാരായി എത്തുന്ന സീരീസില്‍ നായകനാകുന്നത് സുരാജ് വെഞ്ഞാറമൂടാണ്. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്ന ടാഗ് ലൈനോടെ വരുന്ന സീരീസില്‍ ബഹുഭാര്യത്വ ബന്ധം പുലര്‍ത്തുന്ന ആളുടെ വേഷമാണ് സുരാജ് ചെയ്യുന്നത് എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

ഡിസ്നി ‘വലിയ സ്വപ്നങ്ങള്‍, നിറയെ ചിരി’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഈ സീരീസിന്റെ പോസ്റ്ററില്‍ നിന്ന് ഒരു കോമഡി എന്റര്‍ടൈനറായിരിക്കാം ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’ എന്ന സൂചനയും ലഭിക്കുന്നുണ്ട്. സീരീസിന്റെ റിലീസ് തീയതി ഡിസ്നിയുടെ ഔദ്യോഗിക പേജിലൂടെ വൈകാതെ അറിയിക്കുന്നതാണ്.

രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടര്‍, കലാഭവന്‍ ഷാജോണ്‍, അമ്മു അഭിരാമി എന്നിങ്ങനെ വലിയ താരനിര തന്നെ ഈ സീരീസിലുണ്ട്. സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ തന്നെയാണ് നാഗേന്ദ്രന്‍സ് ഹണിമൂണ്‍സിന്റെ കഥ എഴുതിയിരിക്കുന്നത്.

Content Highlight: Nagendran’s Honeymoons New Malayalam Web Series Coming Soon In Disney Plus Hotstar