ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തലേന്ന് 'നാഗാ ദേശീയ പതാക' ഉയര്‍ത്തി മണിപ്പൂരില്‍ സ്വാതന്ത്ര്യദിന ആഘോഷം: ചരിത്രത്തിലാദ്യമായി വന്‍ ജനപങ്കാളിത്തം
മണിപ്പൂര്‍: സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം മണിപ്പൂരിലെ നാഗാ വിഭാഗക്കാര്‍ നാഗാ ദേശീയ പതാക ഉയര്‍ത്തി 73ാം നാഗാ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലാണ് ഏറ്റവും വലിയ ആഘോഷം നടന്നത്. ഇവിടെ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ആദ്യമായി ‘നാഗാ ദേശീയ പതാക’ ഉയര്‍ത്തി.
കടോമി പൊതുമൈതാനത്ത് നാഗാ പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ നാഗാലന്റിന്റെയും മ്യാന്‍മറിന്റെയും സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് നാഗാ വിഭാഗക്കാര്‍ പങ്കുചേര്‍ന്നു. ‘ഒരേ ലക്ഷ്യം, ഒരേ ഭാഗധേയം’ എന്ന ആശയത്തിനു കീഴിലായിരുന്നു നാഗാ വിഭാഗക്കാര്‍ അണിനിരന്നത്.
നാഗാ പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് സെക്രട്ടറി ജനറല്‍ നീഗുലു ക്രോം ചടങ്ങില്‍ പ്രത്യേക അതിഥിയായിരുന്നു. അദ്ദേഹം ‘നാഗാ ദേശീയ പതാക’ ഉയര്‍ത്തിയാണ് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. അതിനുശേഷം നാഗാ തദ്ദേശ നേതാക്കള്‍ പ്രസംഗിക്കുകയും ‘നാഗാ ദേശീയ ഗാനം’ ആലപിക്കുകയും ചെയ്തു.
നാഗാലാന്റിനെ പ്രത്യേക രാഷ്ട്രമായി നിര്‍ത്തണമെന്നു വാദിക്കുന്ന നാഗാ നാഷണല്‍ കൗണ്‍സില്‍ 1947 ആഗസ്റ്റ് 14ന് തങ്ങളുടെ സ്വാതന്ത്ര്യദിനം ഇന്നാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയിലേക്ക് അധികാരം കൈമാറിയാലും തങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പിക്കാനായിരുന്നു ഇത്തരമൊരു പ്രഖ്യാപനം നടന്നത്. അന്നു മുതല്‍ വിവിധ ഭാഗങ്ങളിലുള്ള നാഗാ വിഭാഗക്കാര്‍ ഈ ദിവസം സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ആഘോഷങ്ങളില്‍ വലിയൊരു വിഭാഗം ജനങ്ങളുടെ പങ്കാളിത്തമുണ്ടായി.
കശ്മീരിലെ നിലവിലെ സാഹചര്യമാണ് ഇത്രയും വലിയ ജനപങ്കാളിത്തത്തിന് കാരണമെന്ന് നീഗുലു ക്രോം അഭിപ്രായപ്പെട്ടു. കശ്മീരിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ നയം സംബന്ധിച്ച് ഒരു ഭയം ജനങ്ങള്‍ക്കിടയിലുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ ഇത്തവണത്തെ ആഘോഷം ചരിത്രമാണ്. ചെറിയ കൂട്ടം ആളുകള്‍ എന്നല്ലാതെ ഇത്രയും വലിയ ജനപങ്കാളിത്തം ഇതിനുമുമ്പ് ഉണ്ടായിരുന്നില്ല. നാഗാ മുന്നേറ്റത്തേയും സ്വാതന്ത്ര്യ ദിന ആഘോഷത്തേയും പിന്തുണച്ച് ഇത്രയും അധികം ജനങ്ങള്‍ മുന്നോട്ടുവന്നത് സര്‍ക്കാറിന്റെ പ്രവചനാതീതമായ നയത്തോടുള്ള മടുപ്പുകൊണ്ടാണ്.’ എന്നും അദ്ദേഹം പറഞ്ഞു.