| Friday, 1st December 2023, 4:36 pm

നാഗാർജുന സാഗർ ഡാമിൽ ആന്ധ്രാപ്രദേശ്, തെലങ്കാന പൊലീസ് ഏറ്റുമുട്ടൽ; ഡാമിന്റെ പകുതിയും ആന്ധ്രാപ്രദേശ് കയ്യടക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുണ്ടൂർ: തെലങ്കാന തെരഞ്ഞെടുപ്പ് ദിവസം ആന്ധ്രാപ്രദേശ് പൊലീസ് സേന അർധരാത്രിയിൽ ഇരു സംസ്ഥാന ങ്ങളുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഗാർജുന സാഗർ ഡാം തുറന്നുവിട്ടതായി പരാതി.

കൃഷ്ണ നദിയിൽ സ്ഥിതിചെയ്യുന്ന നാഗാർജുന സാഗർ ഡാം ആന്ധ്രാപ്രദേശിലെ പൽനാടു ജില്ലയിലും തെലങ്കാനയിലെ നൽഗോണ്ട ജില്ലയിലുമായിട്ടാണ് അതിർത്തി പങ്കിടുന്നത്.

ആന്ധ്രാപ്രദേശ് പോലീസ് ബാരിക്കേറ്റുകൾ സ്ഥാപിച്ചതിനെ തുടർന്ന് ഡാം പരിസരത്ത് തെലങ്കാന പൊലീസും ആന്ധ്രാപ്രദേശ് പോലീസും ഏറ്റുമുട്ടിയതായി റിപ്പോർട്ടുകളുണ്ട്.

ആന്ധ്രാപ്രദേശിലെ കർഷകരുടെ സമ്മർദ്ദത്തെ തുടർന്നാണ് കുടിവെള്ളത്തിനായി വെള്ളം തുറന്നു വിടുന്ന രീതിയിൽ പോലീസുകാർ ബാരിക്കേഡുകൾ സ്ഥാപിച്ചത്.

കുടിവെള്ളത്തിനായി അണക്കെട്ടിന്റെ വലതുകനാലാണ് തുറന്നു വിടേണ്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തെലങ്കാന അധികൃതർ ആന്ധ്രാപ്രദേശിന് അനുവദിച്ച പദ്ധതിയിൽ നിന്ന് വെള്ളം തുറന്നുവിടാൻ വിസമ്മതിച്ചതിനാൽ ആന്ധ്രാപ്രദേശ് ജലസേചന ഉദ്യോഗസ്ഥർ പോലീസിനെ സമീപിക്കുകയായിരുന്നു.

തുടർന്ന് പൽനാടു പൊലീസ് അണക്കെട്ട് പരിസരത്ത് എത്തുകയും തങ്ങളുടെ പരിധിയിൽ വരുന്ന പതിമൂന്നാം ഗേറ്റിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയുമായിരുന്നു. ഇതോടെ 26 ഗേറ്റുകളിൽ 13 ഗേറ്റുകളുടെയും അധികാരം ആന്ധ്രാപ്രദേശ് പിടിച്ചടക്കി.

കുടിവെള്ള ആവശ്യത്തിനായി പ്രദേശത്ത് മണിക്കൂറിൽ 500 കുസെക്സ് വെള്ളം തുറന്നു വിടുന്നതായി ആന്ധ്രപ്രദേശ് ജലസേചന വകുപ്പ് മന്ത്രി അമ്പാട്ടി റംബാബു അറിയിച്ചു.

തെരഞ്ഞെടുപ്പ് ദിവസം ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള ബി.ആർ.എസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് അണക്കെട്ട് പരിസരത്ത് ഉണ്ടായതെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി ആരോപിച്ചു.

ഡാമിലേക്ക് അതിക്രമിച്ചു കയറിയ ആന്ധ്രാപ്രദേശ് പൊലീസ് സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ചുവെന്ന ആരോപണങ്ങൾ ആന്ധ്രാപ്രദേശ് അധികൃതർ ഇത് തള്ളി.

Content Highlight: Nagarjunasagar dam: Tension prevails as Telangana, Andhra cops clash at site

We use cookies to give you the best possible experience. Learn more