നാഗോൺ കൂട്ടബലാത്സംഗം; അസം മുഖ്യമന്ത്രി വർഗീയ പ്രചരണം നടത്തി: വിമർശനവുമായി കോൺഗ്രസ്
national news
നാഗോൺ കൂട്ടബലാത്സംഗം; അസം മുഖ്യമന്ത്രി വർഗീയ പ്രചരണം നടത്തി: വിമർശനവുമായി കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2024, 12:08 pm

ദിസ്പൂർ: അസമിലെ നാഗോൺ ജില്ലയിൽ 14 കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ്‌ലിങ്ങൾക്കെതിരെ വർഗീയ വിദ്വേഷം പ്രചരിപ്പിച്ചെന്ന വിമർശനവുമായി കോൺഗ്രസ്. ബലാത്സംഗത്തിലെ പ്രതികളിലൊരാൾ മുസ്‌ലിം വിഭാഗത്തിൽ പെട്ടയാളാണ്.
ഹിന്ദു സമൂഹത്തിന്റെ യഥാർത്ഥ ശത്രു ആരാണെന്ന് മനസിലാക്കാൻ ആസാമീസ് ഹിന്ദു സമൂഹത്തോട് ശർമ്മ അഭ്യർത്ഥിച്ചിരുന്നു.

‘ആസാമീസ് ഹിന്ദു സമൂഹത്തിന്റെ യഥാർത്ഥ ശത്രു ആരാണെന്ന് അവർ തിരിച്ചറിയണം. അത് ആരാണെന്ന് അവർ ഇനിയും തിരിച്ചറിയാത്തത് ഏറ്റവും വലിയ വിരോധാഭാസമാണ്,’ അദ്ദേഹം പറഞ്ഞു.

നാഗോണിലെ ധിംഗിലെ പതിനാലുകാരി ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുചക്രവാഹനത്തിലെത്തിയ മൂന്ന് പേർ അവളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. കേസിലെ പ്രധാന പ്രതി തഫാസുൽ ഇസ്‌ലാം കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടിരുന്നു. ഇത് ദുരൂഹത വർധിപ്പിക്കുന്നതായി കോൺഗ്രസ് പറഞ്ഞു.

 

പുലർച്ചെ 3 മണിക്ക് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരുമ്പോൾ തഫാസുൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് പൊലീസിന്റെ ഭാഷ്യം. കൈവിലങ്ങ് ഉണ്ടായിട്ടും തഫാസുൽ കുളത്തിലേക്ക് ചാടി എന്ന പൊലീസിന്റെ വാദം സംശയം ഉണർത്തുന്നുവെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.

ഞായറാഴ്ച, പീപ്പിൾസ് യൂണിയൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് തഫാസുലിൻ്റെ മുങ്ങിമരണം കസ്റ്റഡി മരണമാണെന്ന് പറഞ്ഞുകൊണ്ട് ഒരു പ്രസ്താവന ഇറക്കുകയും ചെയ്തു.

‘വലിയ ജനരോഷം ഉണ്ടായ കേസ് ആയത് കൊണ്ട് തന്നെ പ്രത്യേക പൊലീസ് സുരക്ഷാ ഉറപ്പുവരുത്താതെ പ്രതിയെ പരിശോധനക്ക് കൊണ്ടുപോകില്ല. കൈവിലങ്ങുകൾ ഉണ്ടായിട്ടും കൂട്ടബലാത്സംഗ പ്രതി കുളത്തിൽ ചാടി രക്ഷപെടാൻ ശ്രമിച്ചു എന്നത് അവിശ്വസനീയമാണ്. ഇത് കരുതിക്കൂട്ടിയുള്ളോരു കൊലപാതകമെന്ന സംശയം ഉയർത്തുകയാണ്,’ പ്രസ്താവനയിൽ പറയുന്നു.

കൂട്ടബലാത്സംഗ സംഭവം നാഗോണിലും സമീപ ജില്ലകളിലും ജനജീവിതം സ്തംഭിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആളുകൾ വെള്ളിയാഴ്ച തെരുവിലിറങ്ങിയിരുന്നു.

ക്രൂരമായ സംഭവത്തെത്തുടർന്ന്, കുറ്റകൃത്യത്തെ വർഗീയവൽക്കരിക്കാനും ജില്ലയിലെ മുഴുവൻ മുസ്‌ലിം സമുദായത്തെയും കുറ്റപ്പെടുത്താനും ശർമ ശ്രമിച്ചുകൊണ്ടേയിരുന്നതായി കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാഗോൺ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് വിജയിച്ചതിൻ്റെ ഫലമായാണ് ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടായതെന്നും ശർമ പറഞ്ഞിരുന്നു.

മുസ്‌ലിം ഗൂഢാലോചനയുടെ അവസാനം ഹിന്ദു അസമീസ് ജനത നാഗോണിൽ മാത്രമല്ല, അസമിലെ മറ്റിടങ്ങളിലും ന്യൂനപക്ഷങ്ങളായി മാറുമെന്ന് ഹിമന്ത പറഞ്ഞിരുന്നു.

അസമിലെ ബലാത്സംഗ കേസിൽ വർഗീയ നിറം ചേർക്കാനുള്ള ശർമ്മയുടെ ശ്രമത്തിനെതിരെ കോൺഗ്രസിൽ നിന്നും മറ്റ് കോണുകളിൽ നിന്നും ശക്തമായ ആക്ഷേപം ഉയർന്നിട്ടുണ്ട്. അസമിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ യഥാർത്ഥ പ്രശ്‌നം മുഖ്യമന്ത്രി വഴിതിരിച്ചുവിടുകയാണെന്നും വിമർശനം ഉയരുന്നുണ്ട്. അസമിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് എ.പി.സി.സി ബി.ജെ.പിയോട് ആവശ്യപ്പെട്ടു.

 

 

 

 

Content Highlight: Nagaon Gang Rape: Assam CM Himanta Gives Communal Spin; Congress Demands White Paper on Crime Against Women