| Tuesday, 7th December 2021, 10:41 am

നാഗാലാന്‍ഡില്‍ ഗ്രാമീണരെ സൈന്യം വെടിവെച്ച് കൊന്ന സംഭവം; സര്‍ക്കാരിന് മുന്നില്‍ അഞ്ചിന ആവശ്യങ്ങളുമായി കൊന്യാക് ഗോത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് ഗോത്രവിഭാഗം. മരിച്ചവരില്‍ ഭൂരിഭാഗം പേരുമടങ്ങിയ ദ കൊന്യാക് യൂണിയന്‍ എന്ന ഗോത്രവിഭാഗമാണ് ആവശ്യങ്ങളടങ്ങിയ നിവേദനവുമായി രംഗത്തെത്തിയത്.

വിഷയത്തിന്മേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ഇത്.

സംഭവത്തിന് കാരണക്കാരായ സേനയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുക, നാഗാലാന്‍ഡില്‍ സുരക്ഷാസേനയ്ക്കും പട്ടാളത്തിനും നല്‍കിയിട്ടുള്ള പ്രത്യേക അധികാരങ്ങള്‍ പിന്‍വലിക്കുക എന്നിവയടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. നിവേദനം ഇവര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

സംഭവം നടന്ന മോണ്‍ ജില്ലയില്‍ നിന്നും അസം റൈഫിള്‍സിനെ അടിയന്തരമായി പിന്‍വലിക്കണമെന്നും എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ‘ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട്’ റദ്ദാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

അന്വേഷണത്തിനായി സ്വതന്ത്ര അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുക, നാഗാലാന്‍ഡിലെ സിവില്‍ സൊസൈറ്റിയുടെ ഭാഗമായ രണ്ട് പേരെയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമാക്കുക എന്നും അഞ്ചിന ആവശ്യങ്ങളില്‍ പറയുന്നു.

പ്രതികളായ സേന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശങ്ങള്‍ 30 ദിവസത്തിനുള്ളില്‍ പൊതുജനങ്ങളെ അറിയിക്കാനും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

മോണ്‍ ജില്ലയിലെ കൊന്യാക് നാഗ ഗോത്രവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ദ കൊന്യാക് യൂണിയന്‍.

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന 14 ഗ്രാമീണരായിരുന്നു സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കൊലപാതകക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

21 പാരാസ്പെഷ്യല്‍ ഫോഴ്സ് ആര്‍മി ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ത്തതായാണ് റിപ്പോര്‍ട്ട്. കൊലപാതകം ലക്ഷ്യമിട്ട് സുരക്ഷാസേന ആക്രമണം നടത്തിയതായാണ് എഫ്.ഐ.ആറില്‍ പൊലീസ് പറഞ്ഞത്.

ആക്രമണത്തിന് എത്തിയവരാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാസേന വെടിവെച്ചതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nagaland tribe body put forward five demands over the army operation that killed their members

We use cookies to give you the best possible experience. Learn more