ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാളിതു വരെ കാണാത്ത പുത്തന്‍ രാഷ്ട്രീയസമവാക്യങ്ങള്‍ക്കാണ് നാഗാലാന്‍ഡ് സാക്ഷിയാവുന്നത്. 2002ല്‍ രൂപീകരിക്കപ്പെട്ടതിന് ശേഷം, കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പിയെ പിന്തുണച്ച സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ നാഗാ പീപിള്‍സ് ഫ്രണ്ട് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത ശത്രുക്കളായ കോണ്‍ഗ്രസിനൊപ്പമാണ്.
കോണ്‍ഗ്രസുമായി വോട്ടുകള്‍ വിഘടിക്കാതിരിക്കാന്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ട എന്നാണ് എന്‍.പി.എഫിന്റെ തീരുമാനം. സംസ്ഥാനത്ത് അപകടകരമാം വിധം വര്‍ധിച്ചു വരുന്ന ബി.ജെ.പിയുടെ സാന്നിധ്യത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യമാണ് എന്‍.പി.എഫിന്‍റേത്.
“കഴിഞ്ഞ 15 വര്‍ഷവും എന്‍.പി.എഫിന്റെ പിന്തുണ ബി.ജെ.പിക്കായിരുന്നു. ബി.ജെ.പി ഇത്തരത്തില്‍ വര്‍ഗീയമായതോടെ ഞങ്ങള്‍ ബോധപൂര്‍വം ഇങ്ങനെയൊരു തീരുമാനം എടുക്കുകയായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയുടെ കാലത്തെ എന്‍.ഡി.എ നേതൃത്വം മിതവാദത്തിലൂന്നിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വാജ്‌പേയ് നാഗാലാന്‍ഡില്‍ അംഗീകരിക്കപ്പെട്ടിരുന്നു. നാഗാലാന്‍ഡിന് വിശിഷ്ടമായ ഒരു ചരിത്രമുണ്ടെന്നും, പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ”- എന്‍.പി.എഫ് സെക്രട്ടറി ജനറലും രാജ്യസഭാ അംഗവുമായ കെ.ജെ. കെന്യെ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
കോണ്‍ഗ്രസ് തങ്ങളുടെ പരമ്പരാഗത ശത്രുക്കളായിരുന്നെങ്കിലും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കെന്യ പറയുന്നു. “അവരുമായി മത്സരിച്ച് വോട്ടു വിഘടിക്കുന്നത് തടയണമെന്ന് കരുതി. ഞങ്ങള്‍ക്കിപ്പോള്‍ കൂടുതല്‍ വര്‍ഗീയവാദികളായ ബി.ജെ.പിയെയാണ് കാണാന്‍ കഴിയുന്നത്”- അദ്ദേഹം പറയുന്നു.
അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പൗരത്വഭേദഗതി ബില്‍ പാസ്സാക്കുമെന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ പ്രസ്താവനയും ബി.ജെ.പിയെ ഭരണത്തില്‍ നിന്നകറ്റേണ്ടതിന്റെ കാരണമായി എന്‍.പി.എഫ് കാണുന്നു. നിലനില്‍പ്പിന്റെ പ്രശ്‌നമാണിതെന്നായിരുന്നു കെന്യയയുടെ പ്രതികരണം.
നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റായ നാഗാ ലോക്‌സഭാ മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എല്‍. ചിസ്തിയാണ് മത്സരിക്കുന്നത്. എന്‍.പി.എഫിന്റെ പിന്തുണയോടെ, പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ശക്തമായ തിരിച്ചു വരവ് നടത്താമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടമായ ഏപ്രില്‍ 11നാണ് നാഗാലാന്‍ഡ് പോളിങ്ങ് ബൂത്തിലെത്തുന്നത്.
മുന്‍ എന്‍.പി.എഫ് നേതാവ് നെയ്ഫ്യു റിയോ രൂപീകരിച്ച എന്‍.ഡി.പി.പിയാണ് നിലവില്‍ ബി.ജെ.പി പിന്തുണയോടെ നാഗാലാന്‍ഡ് ഭരിക്കുന്നത്.