| Wednesday, 18th November 2015, 7:59 am

സൈന്യത്തിന്റെ സെന്‍സര്‍ഷിപ്പ്: നാഗാലാന്റ് പത്രങ്ങള്‍ എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊഹിമ: നാഗാലാന്റില്‍ മാധ്യമങ്ങള്‍ക്ക് സൈന്യം ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത സെന്‍സര്‍ ഷിപ്പില്‍ പ്രതിഷേധവുമായി പ്രമുഖ പത്രങ്ങള്‍ രംഗത്ത്. അസാം റൈഫിള്‍സിന്റെ സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ച് അഞ്ച് പ്രമുഖ പത്രങ്ങള്‍ എഡിറ്റോറിയല്‍ കോളം ശൂന്യമാക്കിയിട്ട് പ്രസിദ്ധീകരിച്ചു.

അര്‍ധനസൈനികവിഭാഗത്തിന് എതിരായുള്ള എഡിറ്റര്‍മാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി നാഗാലാന്റ് പ്രസ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് പത്രമായ “മൊറങ് എക്‌സ്പ്രസ്, ഈസ്റ്റേണ്‍ മിറല്‍, നാഗാലാന്റ് പേജ്” എന്നിവയും പ്രാദേശിക ഭാഷയിലുള്ള “കാപി ഡെയ്‌ലി, തിര്‍ യിംയിം” എന്നീ പ്ത്രങ്ങളാണ് എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട് പ്രസിദ്ധീകരിച്ചത്.

ആസാം റൈഫിള്‍സിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് എഡിറ്റോറിയല്‍ എഴുതിക്കൊണ്ടാണ് ദ നാഗാലാന്റ് പോസ്റ്റ് പുറത്തിറങ്ങിയത്.

ഒക്ടോബര്‍ 24ന് പ്രാദേശിക പത്രങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് ആസാം റൈഫിള്‍സ് നല്‍കിയ കത്തിനെതിരെയാണ് പ്രതിഷേധം. നാഗാലാന്റിന്റെ വിമത സായുധ പോരാളികളായ എന്‍.എസ്.സി.എന്‍(കെ)യുടെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങള്‍ക്ക് സൈന്യം കത്ത് നല്‍കിയത്. എന്‍.എസ്.സി.എന്‍ “നിയമവിരുദ്ധ കൂട്ടായ്മ”യാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കത്തില്‍ മുന്നറിയിപ്പു നല്‍കിരുന്നു.

പിന്നീടിങ്ങോട്ട് മാധ്യമങ്ങളില്‍വരുന്ന വാര്‍ത്തകളില്‍ സൈന്യം ശക്തമായ ഇടപെടല്‍ നടത്തിപ്പോന്നു. ഇതിന് എതിരെയാണ് മാധ്യമങ്ങള്‍ പരസ്യമായി രംഗത്തെത്തിയത്.

1975ലെ ആഭ്യന്തര അടിയന്തിരാവസ്ഥ കാലത്ത് രാജ്യമൊട്ടാകെ സമാന രീതിയില്‍ പത്രമാധ്യമങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more