| Wednesday, 13th September 2023, 10:47 am

ഏക സിവിൽ കോഡിനെതിരെ ബി.ജെ.പി സഖ്യം ഭരിക്കുന്ന നാഗാലാ‌ൻഡ് നിയമസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊഹിമ: ഏകീകൃത സിവിൽ കോഡിന്റെ പരിധിയിൽ നിന്ന് സംസ്ഥാനത്തെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നാഗാലാ‌ൻഡ് നിയമസഭ ഏകകണ്ഠമായി പാസാക്കി.

നാഗാ ജനതയുടെ ആചാരങ്ങൾക്ക് നിയമം ഭീഷണിയാകുമെന്ന് മുഖ്യമന്ത്രി നെയ്‌ഫിയു റിയോ പറഞ്ഞു.
‘നാഗാ ജനതയുടെ പരമ്പരാഗത ആചാരങ്ങൾക്കും സാമൂഹിക ആചാരങ്ങൾക്കും മതപരമായ ആചാരങ്ങൾക്കും ഏക സിവിൽ കോഡ് ഭീഷണിയാണെന്ന അഭിപ്രായമാണ് സർക്കാരിനും ജനങ്ങൾക്കുമുള്ളത്,’ അദ്ദേഹം പറഞ്ഞു.

നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയാണ് നാഗാലാ‌ൻഡ് സർക്കാരിനെ നയിക്കുന്നത്. ബി.ജെ.പിയുമായി സഖ്യം ചേർന്നാണ് സർക്കാർ രൂപീകരിച്ചത്. നിയമസഭ അംഗീകരിച്ച പ്രമേയത്തിനൊപ്പം നിൽക്കുമെന്ന് നാഗാലാ‌ൻഡ് ബി.ജെ.പി അധ്യക്ഷനും കാബിനറ്റ് മന്ത്രിയുമായ ടെംജെൻ ഇംന അലോങ് പറഞ്ഞു.

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തൊട്ട് നാഗാലാ‌ൻഡിനുള്ള സവിശേഷമായ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ, ആർട്ടിക്കിൽ 371എ പ്രകാരം ആചാര, അനുഷ്ഠാനങ്ങളിൽ കേന്ദ്രം ഇടപെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ജൂലൈ 4ന് നിയമ കമ്മീഷന് മുമ്പാകെ നാഗാലാ‌ൻസ് സർക്കാർ കാബിനറ്റ് തീരുമാനം അറിയിച്ചിരുന്നു.

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 1ന് സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വിവിധ ആദിവാസി സംഘടനകൾ നിയമത്തോടുള്ള വിയോജിപ്പും എതിർപ്പും പ്രകടിപ്പിച്ചിരുന്നു എന്നും മുഖ്യമന്ത്രി നെയ്‌ഫിയു റിയോ പറഞ്ഞു.

ഭരണഘടനയിലെ ആർട്ടിക്കിൽ 371എ പ്രകാരം നാഗാ ജനതയുടെ മതപരമോ സാമൂഹ്യപരമോ ആയ ആചാരങ്ങൾ ഉൾപ്പെടുന്ന വിഷയങ്ങളിൽ പാർലമെന്റിന്റെ ഒരു നിയമവും ബാധകമല്ല.

Content Highlight: Nagaland Assembly Passes Resolution For Exemption From Uniform Civil Code

We use cookies to give you the best possible experience. Learn more