മണിപ്പൂരിനെ കുറിച്ച് ലോക്‌സഭയില്‍ സംസാരിക്കരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു; നാഗ പീപ്പിള്‍സ് ഫ്രണ്ട് എം.പി
national news
മണിപ്പൂരിനെ കുറിച്ച് ലോക്‌സഭയില്‍ സംസാരിക്കരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു; നാഗ പീപ്പിള്‍സ് ഫ്രണ്ട് എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th August 2023, 8:36 am

ഇംഫാല്‍: അവിശ്വാസ പ്രമേയ ചര്‍ച്ചാ സമയത്ത് മണിപ്പൂരിനെക്കുറിച്ച് സംസാരിക്കരുതെന്ന് ബി.ജെ.പി എം.പിമാര്‍ പറഞ്ഞതായി സഖ്യകക്ഷിയായ നാഗ പീപ്പിള്‍സ് ഫ്രണ്ട് എം.പി ലോര്‍ഹോ എസ്. പിഫോസെ. മണിപ്പൂരില്‍ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നും സഭയില്‍ പറയണമെന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം ദി ഹിന്ദു ദിനപത്രത്തോട് പറഞ്ഞു.

‘മണിപ്പൂരില്‍ നിരവധി പേരാണ് ബുദ്ധിമുട്ടുന്നത്. പ്രത്യേകിച്ചും കുകി-സോ വിഭാഗക്കാരും ചില ജില്ലകളിലെ മെയ്തി വിഭാഗങ്ങളുമാണ് കൂടുതലായും ദുരിതം അനുഭവിക്കുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയം വരാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ സഭയില്‍ ഈ വിഷയങ്ങള്‍ സംസാരിക്കണമെന്നുണ്ടായിരുന്നു.

ഞാന്‍ ഒരുപാട് പേരോട് സംസാരിച്ചു. എന്നാല്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി മണിപ്പൂരിനെ കുറിച്ച് സംസാരിക്കുമെന്നും അതുകൊണ്ട് സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്നും സഖ്യകക്ഷിയിലെ, പ്രത്യേകിച്ചും ബി.ജെ.പി സുഹൃത്തുക്കള്‍ എന്നെ ഉപദേശിച്ചു.

ഇതിന് ശേഷം സ്പീക്കറോട് സംസാരിക്കാനുള്ള അനുമതി ഞാന്‍ വാങ്ങിയില്ല. കാരണം ഞാന്‍ അനുമതി ചോദിച്ചാലും എനിക്ക് അവസരം നല്‍കില്ലെന്ന് ഉറപ്പായിരുന്നു,’ അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ നിന്നുള്ള ബി.ജെ.പിയുടെ എം.പിയും കേന്ദ്ര സഹമന്ത്രിയുമായ ആര്‍. രഞ്ജന്‍ സിങ്ങിനോടും സംസാരിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹവും വേണ്ടെന്നാണ് മറുപടി തന്നതെന്നും പിഫോസെ പറയുന്നു. മണിപ്പൂരിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന തങ്ങളോട് സംസാരിക്കാന്‍ ആവശ്യപ്പെടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വാസ്തവത്തില്‍ മണിപ്പൂരിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഞങ്ങളോടാണ് സംസാരിക്കാന്‍ ആവശ്യപ്പെടേണ്ടത്. തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് തന്നെ അത് ജനങ്ങള്‍ക്ക് ഞങ്ങളില്‍ ഒരു വിശ്വാസം ഉണ്ടാക്കും, മണിപ്പൂരിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് അവര്‍ അറിയേണ്ടതുണ്ട്,’ പിഫോസെ പറഞ്ഞു.

എന്നാല്‍ ബി.ജെ.പിയുമായുള്ള സഖ്യം നിലനിര്‍ത്തുമെന്ന് പറഞ്ഞ പിഫോസെ പല രാഷ്ട്രീയ നിര്‍ബന്ധം കാരണം സര്‍ക്കാരുമായി സഖ്യത്തിലാണെന്നും അത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം വളരെ കുറവും വൈകിയതുമായ പ്രതികരണമായിരുന്നുവെന്നും പിഫോസെ പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഭൂരിഭാഗവും വടക്കുകിഴക്കന്‍ മേഖലയുടെ വികസനം ഉയര്‍ത്തിക്കാട്ടാനും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനുമാണ് ചെലവഴിച്ചത്. എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ ഈ മറുപടി പ്രസക്തമാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

എന്നാല്‍, അവിശ്വാസ പ്രമേയ ചര്‍ച്ച മണിപ്പൂരിനെക്കുറിച്ചായിരുന്നു. പ്രധാനമന്ത്രി ആദ്യം മണിപ്പൂരിനെക്കുറിച്ച് സംസാരിക്കേണ്ടതായിരുന്നുവെന്നും അതിനുശേഷം മണിപ്പൂരില്‍ സമാധാനവും സാധാരണ നിലയും എങ്ങനെ തിരികെ കൊണ്ടുവരുമെന്നതിനെക്കുറിച്ച് സംസാരിക്കണമെന്നും ഞാന്‍ കരുതുന്നു.

ജനങ്ങളുടെ വൈകാരിക ആവശ്യങ്ങളോട് സര്‍ക്കാര്‍ കുറച്ചുകൂടി സെന്‍സിറ്റീവ് ആയിരിക്കണം. സര്‍ക്കാര്‍ ഉടന്‍ എന്തെങ്കിലും ചെയ്യണമെന്നും അതുവഴി സാധാരണ നില കൊണ്ടുവരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്,’ പിഫോസെ പറഞ്ഞു.

അതേസമയം മണിപ്പൂരില്‍ നിന്നുള്ള രണ്ട് എം.പിമാരെ സംസാരിക്കാന്‍ ബി.ജെ.പി അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയ് പറഞ്ഞു.

‘ഞാനടക്കം എല്ലാവരും പാര്‍ലമെന്റില്‍ മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചു. എന്നാല്‍ മണിപ്പൂരില്‍ നിന്നുള്ള രണ്ട് എം.പിമാരെ സംസാരിക്കാന്‍ ബി.ജെ.പി അനുവദിച്ചില്ല. ഞാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചെങ്കിലും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ട് മിനിട്ട് പോലും മണിപ്പൂര്‍ എം.പിമാരെ കേള്‍ക്കാനുള്ള ക്ഷമ കാണിച്ചില്ല,’ ഗൊഗോയ് പറഞ്ഞു.

മണിപ്പൂരില്‍ നിന്നുള്ള എം.പിമാരെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് മണിപ്പൂരിലെ മുഴുവന്‍ ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ട്വീറ്റ് ചെയ്തു.

‘അഭ്യര്‍ത്ഥിച്ചിട്ട് പോലും മണിപ്പൂരില്‍ നിന്നുള്ള ബി.ജെ.പി എം.പിയെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇത് ദൗര്‍ഭാഗ്യകരമാണ്. മണിപ്പൂരിലെ മുഴുവന്‍ ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മണിപ്പൂരില്‍ നിന്നുള്ള സ്വന്തം എം.പിയെയും കേന്ദ്ര സഹ മന്ത്രിയെയും സംസാരിക്കുന്നതില്‍ നിന്നും ബി.ജെ.പി തടഞ്ഞത് ലജ്ജാകരമാണ്,’ ജയറാം രമേശ് പറഞ്ഞു.

content highlights: Naga mp says he didn’t get chance to speak about manipur