നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘തണ്ടേൽ’ ലെ ആദ്യ ഗാനം പുറത്ത്. അതിനൊപ്പം നാഗ ചൈതന്യയുടെ ജന്മദിനം പ്രമാണിച്ചു ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് ചെയ്തു. “ബുജി തല്ലി” എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.
ജാവേദ് അലി ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് ശ്രീ മണി, സംഗീതം ദേവി ശ്രീ പ്രസാദ്. 2025 ഫെബ്രുവരി 7നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക സായ് പല്ലവിയാണ്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലവ് സ്റ്റോറിക്ക് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തണ്ടേൽ. കടലിന്റെ പശ്ചത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ നിന്നുള്ള നാഗ ചൈതന്യയുടെ ഒരു മാസ് പോസ്റ്ററാണ് ജന്മദിനം പ്രമാണിച്ചു പുറത്ത് വിട്ടിരിക്കുന്നത്.
കയ്യിൽ വമ്പൻ നങ്കൂരവുമേന്തി മഴയിൽ കുതിർന്നു ബോട്ടിൽ നിൽക്കുന്ന നാഗ ചൈതന്യ കഥാപാത്രത്തെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി.മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റർ- നവീൻ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖർ മാസ്റ്റർ, ബാനർ- ഗീത ആർട്സ്, നിർമാതാവ്- ബണ്ണി വാസ്, അവതരണം- അല്ലു അരവിന്ദ്, മാർക്കറ്റിങ് – ഫസ്റ്റ് ഷോ, പി.ആർ.ഒ.- ശബരി.
Content Highlight: Naga Chaithanya’s new movie with sai pallavi