ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. പ്രഭാസ് നായകനായ ചിത്രത്തില്‍ അശ്വത്ഥാമാവായി അമിതാഭ് ബച്ചനും വില്ലനായ സുപ്രിം യാസ്‌ക്കിനായി കമല്‍ ഹാസനുമാണ് എത്തിയത്.
സുമതിയായി ദീപിക പദുക്കോണും മറിയമായി ശോഭനയും ഒന്നിച്ച കല്‍ക്കിയില്‍ അന്ന ബെന്‍, സാശ്വത ചാറ്റര്‍ജീ, പശുപതി, ബ്രഹ്‌മാനന്ദം, ദിശ പഠാനി തുടങ്ങി വന്‍ താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ഇവരെക്കൂടാതെ ഒരുപാട് അതിഥി വേഷങ്ങളും ചിത്രത്തിലുണ്ട്. ക്യാപ്റ്റനായി ദുല്‍ഖര്‍ സല്‍മാനും അര്‍ജുനനായി വിജയ് ദേവരകൊണ്ടയും ദിവ്യയായി മൃണാല്‍ താക്കൂറുമാണ് കല്‍ക്കിയില്‍ എത്തിയത്.
ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയാകുന്നത് കൃഷ്ണനായി എത്തിയത് ആരാണ് എന്നതാണ്. സിനിമയില്‍ കൃഷ്ണന്‍ ആരാണെന്ന് വ്യക്തമാകുന്നില്ല. പകരം കറുത്ത രൂപം മാത്രമാണ് കാണിക്കുന്നത്. തമിഴ് നടന്‍ കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യനാണ് സിനിമയില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ചതെന്ന് ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു.
പക്ഷെ അദ്ദേഹത്തിന്റെ മുഖം കല്‍ക്കിയില്‍ കാണിച്ചിരുന്നില്ല. എന്നിട്ടും തെലുങ്ക് താരങ്ങളായ മഹേഷ് ബാബു, നാനി എന്നീ പേരുകളാണ് കൃഷ്ണനോട് ചേര്‍ത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇപ്പോള്‍ കൃഷ്ണനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ നാഗ് അശ്വിന്‍. പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൃഷ്ണനെ എപ്പോഴും ഒരു ഛായാചിത്രവും രൂപരഹിതനുമായി നിലനിര്‍ത്തുക എന്നതായിരുന്നു ഞങ്ങളുടെ ആശയം. അല്ലെങ്കില്‍ സിനിമയില്‍ കൃഷ്ണന്‍ ഒരു വ്യക്തിയോ ഒരു അഭിനേതാവോ ആയിത്തീരും. നിഗൂഢ രൂപത്തെപ്പോലെ ആ കഥാപാത്രത്തെ ഇരുണ്ട നിറമുള്ളവനും നിഴലുമായി നിലനിര്‍ത്താം എന്നായിരുന്നു തീരുമാനിച്ചത്,’ നാഗ് അശ്വിന്‍ പറഞ്ഞു. കൃഷ്ണന്റെ മുഖം വ്യക്തമാക്കാതെ നിഴലായി മാത്രം ചിത്രീകരിക്കുന്നത് തുടരുമെന്നും സംവിധായകന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Nag Ashwin Talks About Krishnan’s Role In Kalki 2898 AD