| Monday, 26th February 2024, 5:36 pm

മഹാഭാരതത്തിന്റെ കാലത്ത് ആരംഭിച്ച് എ.ഡി 2898ല്‍ അവസാനിക്കുന്ന കഥയാണ് കല്‍ക്കിയുടേത്: നാഗ് അശ്വിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബജറ്റില്‍ അണിഞ്ഞൊരുങ്ങുന്ന സിനിമയാണ് കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. പോസ്റ്റ് അപ്പോകാലിക്റ്റ് യുഗത്തില്‍ നടക്കുന്ന കഥയെന്നാണ് ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് നല്‍കുന്ന സൂചനകള്‍. 600 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. പ്രഭാസിനെക്കൂടാതെ ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ദുല്‍ഖര്‍ സല്‍മാന്‍, റാണാ ദഗ്ഗുബട്ടി, ദിശ പഠാനി എന്നിവരാണ് മറ്റ് താരങ്ങള്‍. കമല്‍ ഹാസനാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലോക പ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണ്‍ പരിപാടിയില്‍ വെച്ചാണ് ചിത്രത്തിന്റെ ലോഞ്ചിങ് നടന്നത്. സാന്‍ ഡിയാഗോ കോമിക് കോണില്‍ സെലക്ഷന്‍ കിട്ടുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി.

ചിത്രത്തിന്റെ സംവിധായകനായ നാഗ് അശ്വിന്‍ മുംബൈയില്‍ നടന്ന സോറ ഓപ്പണ്‍ എ.ഐയുടെ പരിപാടിക്കിടെ കല്‍ക്കി സിനിമയുടെ കഥ വിചാരിക്കുന്നതിലും വലുതാണെന്ന് വെളിപ്പെടുത്തി. മഹാഭാരതകാലത്താണ് സിനിമയുടെ കഥ ആരംഭിക്കുന്നതെന്നും എ.ഡി. 2898 ലാണ് അവസാനിക്കുന്നതെന്നും അശ്വിന്‍ വെളിപ്പെടുത്തി.

‘മഹാഭാരതകാലത്താണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്. 2898 ലാണ് അത് അവസാനിക്കുന്നത്. അതുകൊണ്ടാണ് സിനിമയുടെ ടൈറ്റില്‍ കല്‍ക്കി 2898 എന്ന് ഇട്ടത്. 6000 വര്‍ഷം നീണ്ടു നില്‍ക്കുന്ന കഥയാണ് സിനിമയുടേത്. കഥനടക്കുന്ന രണ്ട് ലോകങ്ങളും ഇതില്‍ പുനഃസൃഷ്ടിക്കുകയാണ് ഞങ്ങള്‍. ഒട്ടും പരിചിതമല്ലാത്ത കാലഘട്ടം പുനര്‍നിര്‍മിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് കഠിനമായിരുന്നു. അതിന് ഒരു ഇന്ത്യന്‍ ഷേഡ് തന്നെ വേണമെന്നും ബ്ലേഡ് റണ്ണര്‍ പോലുള്ള സിനിമകളുമായി സാമ്യം ഉണ്ടാവരുതെന്നും നിര്‍ബന്ധമുണ്ട്,’ അശ്വിന്‍ പറഞ്ഞു.

Content Highlight: Nag Ashwin explains the storyline of Kalki 2898 AD

We use cookies to give you the best possible experience. Learn more