കല്‍ക്കിയിലെ കാസ്റ്റിങ്ങില്‍ ആ ആര്‍ട്ടിസ്റ്റിനെ കണ്‍വിന്‍സ് ചെയ്യാനായിരുന്നു ഏറ്റവും പാട്: നാഗ് അശ്വിന്‍
Entertainment
കല്‍ക്കിയിലെ കാസ്റ്റിങ്ങില്‍ ആ ആര്‍ട്ടിസ്റ്റിനെ കണ്‍വിന്‍സ് ചെയ്യാനായിരുന്നു ഏറ്റവും പാട്: നാഗ് അശ്വിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th July 2024, 3:23 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായെത്തിയത് പ്രഭാസാണ്. മഹാഭാരതയുദ്ധത്തിന്റെ ഒടുവില്‍ ആരംഭിച്ച് എ.ഡി 2898 വരെ നീണ്ടു നില്‍ക്കുന്ന ബൃഹത്തായ കഥയാണ് ചിത്രത്തിന്റേത്. ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു.

പ്രഭാസിന് പുറമെ ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചന്‍, ദീപികാ പദുകോണ്‍, ശോഭന, അന്നാ ബെന്‍, പശുപതി, ശാശ്വതാ ചാറ്റര്‍ജി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട, രാജമൗലി, രാം ഗോപാല്‍ വര്‍മ, മൃണാല്‍ താക്കൂര്‍ തുടങ്ങിയവര്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ഉലകനായകന്‍ കമല്‍ ഹാസനാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ കാസ്റ്റിങ്ങ് അനുഭവത്തെപ്പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ നാഗ് അശ്വിന്‍. കമല്‍ ഹാസനെയായിരുന്നു ഈ സിനിമയലേക്ക് കണ്‍വിന്‍സ് ചെയ്യാന്‍ ഏറ്റവും പ്രയാസപ്പെട്ടതെന്ന് നാഗ് അശ്വിന്‍ പറഞ്ഞു. ഈ സിനിമയിലേക്ക് ഏറ്റവും അവസാനം വന്നത് കമല്‍ ഹാസനായിരുന്നെന്നും രണ്ടാം ഭാഗത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഡെപ്ത് പറഞ്ഞതിന് ശേഷമാണ് സമ്മതിച്ചതെന്നും നാഗ് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് നാഗ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയിലെ കാസ്റ്റിങ്ങില്‍ ഏറ്റവും ബുദ്ധിമുട്ടിയത് കമല്‍ സാറിനെ കണ്‍വിന്‍സ് ചെയ്യാനായിരുന്നു. ഈ പ്രൊജക്ടിന്റെ ഏറ്റവുമൊടുവിലാണ് ഞങ്ങള്‍ കമല്‍ സാറിലേക്ക് എത്തിയത്. ആ കഥാപാത്രത്തിന്റെ സ്‌ക്രീന്‍ സ്‌പേസ്, വില്ലന്‍ ക്യാരക്ടര്‍ എന്നീ കാരണങ്ങള്‍ കൊണ്ട് അദ്ദേഹം ചെയ്യുമോ എന്ന് ചെറിയ ടെന്‍ഷനുണ്ടായിരുന്നു. അടുത്ത് വരുന്ന ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ ക്യാരക്ടറിന്റെ ഡെപ്ത്, കഥ പറയുന്ന സമയത്ത് തന്നെ വിശദീകരിച്ച് കൊടുത്തിരുന്നു.

പിന്നീട് സ്വപ്‌നയും കമല്‍ സാറുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഓക്കെ പറയുന്നതുവരെ ചെറിയ ടെന്‍ഷനുണ്ടായിരുന്നു. അദ്ദേഹം വന്നതിന് ശേഷം സിനിമയുടെ ഡയമന്‍ഷന്‍ തന്നെ മാറി. സുപ്രീം യാസ്‌കിന്‍ എന്ന കഥാപാത്രത്തെ അദ്ദേഹം പ്രസന്റ് ചെയ്ത രീതി അത്ഭുതപ്പെടുത്തി. സിനിമ കണ്ടവര്‍ അതിനെപ്പറ്റി സംസാരിച്ചതിന്റെ എല്ലാ ക്രെഡിറ്റും കമല്‍ സാറിന് തന്നെയാണ്,’ നാഗ് അശ്വിന്‍ പറഞ്ഞു.

Content Highlight: Nag Ashwin about the casting of Kalki 2898 AD and Kamal Haasan