ദുല്‍ഖറിന്റെ കഥാപാത്രമുള്‍പ്പെടെ എല്ലാവര്‍ക്കും അടുത്ത ഭാഗത്തില്‍ പ്രാധാന്യമുണ്ടാകും, പക്ഷേ...: നാഗ് അശ്വിന്‍
Entertainment
ദുല്‍ഖറിന്റെ കഥാപാത്രമുള്‍പ്പെടെ എല്ലാവര്‍ക്കും അടുത്ത ഭാഗത്തില്‍ പ്രാധാന്യമുണ്ടാകും, പക്ഷേ...: നാഗ് അശ്വിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th July 2024, 3:25 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡി. മഹാഭാരത യുദ്ധത്തിന്റെ അവസാനം ആരംഭിച്ച് എ.ഡി 2898 വരെ നീണ്ടു നില്‍ക്കുന്ന ബ്രഹ്‌മാണ്ഡ കഥയാണ് സിനിമയുടേത്. പ്രഭാസ് നായകനായ ചിത്രത്തില്‍ ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപികാ പദുകോണ്‍, ശാശ്വതാ ചാറ്റര്‍ജീ, ശോഭന, അന്നാ ബെന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന സിനിമയില്‍ വില്ലനായി എത്തിയത് ഉലകനായകന്‍ കമല്‍ ഹാസനാണ്.

തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയും, മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. മഹാഭാരതത്തിലെ വീരയോദ്ധാവ് അര്‍ജുനനായി വിജയ് ദേവരകൊണ്ട എത്തിയപ്പോള്‍ പ്രഭാസിനെ എടുത്തു വളര്‍ത്തുന്ന ക്യാപ്റ്റന്‍ എന്ന കഥാപത്രമായാണ് ദുല്‍ഖര്‍ എത്തിയത്. പത്ത് മിനിറ്റ് മാത്രം വന്നുപോകുന്ന കഥാപാത്രമായിരുന്നെങ്കിലും ഗംഭീര കൈയടിയായിരുന്നു ദുല്‍ഖറിന് ലഭിച്ചത്.

സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം പുരാണവുമായി ബന്ധമുള്ളതുകൊണ്ട് ദുല്‍ഖറിന്റെ കഥാപാത്രം പരശുരാമന്റെ അവതാരമാണെന്ന തരത്തില്‍ ഫാന്‍ തിയറികള്‍ രൂപപ്പെട്ടിരുന്നു. അതിനോട് പ്രതികരിക്കുകയാണ് സംവിധായകന്‍ നാഗ് അശ്വിന്‍. ദുല്‍ഖറിന് മാത്രമല്ല, ആദ്യ ഭാഗത്തില്‍ കാണിച്ച എല്ലാ കഥാപാത്രങ്ങള്‍ക്കു കല്‍ക്കി സിനിമാറ്റിക് യൂണിവേഴ്‌സില്‍ പ്രാധാന്യമുണ്ടെന്നും, എന്നാല്‍ അതിനെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ പറയാനാകില്ലെന്ന് നാഗ് അശ്വിന്‍ പറഞ്ഞു. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് നാഗ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

‘ദുല്‍ഖറിന്റെ കഥാപാത്രത്തെപ്പറ്റിയും ബാക്കി ആര്‍ട്ടിസ്റ്റുകളെപ്പറ്റിയുമുള്ള ഒരുപാട് ഫാന്‍ തിയറികള്‍ ഞാന്‍ വായിച്ചു. പലതും എന്റെ ചിന്തയോട് ചേര്‍ന്ന് നില്‍ക്കുന്നത് തന്നെയാണ്. പക്ഷേ അത് ഏതൊക്കെയാണ് എന്തൊക്കെയാണ് എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. 10 മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളുവെനങ്കിലും ദുല്‍ഖറിന്റെ കഥാപാത്രം തിയേറ്ററില്‍ ഉണ്ടാക്കിയ ഒരു ഓളമുണ്ട്. അത് വളരെ വലുതാണ്. ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കെല്ലാം കല്‍ക്കി സിനിമാറ്റിക് യൂണിവേഴ്‌സില്‍ പ്രാധാന്യമുണ്ട്. കല്‍ക്കി 2 അതിനെല്ലാമുള്ള ഉത്തരമായിരിക്കും,’ നാഗ് അശ്വിന്‍ പറഞ്ഞു.

Content Highlight: Nag Ashwin about Dulquer Salman’s character in Kalki 2898 AD