| Friday, 27th August 2021, 7:56 pm

ഇറാനെ ഇതില്‍ നിന്നും തടയേണ്ട സമയമായിരിക്കുന്നു; ആണവ കരാറില്‍ നിന്നും ബൈഡനെ പിന്തിരിപ്പിക്കാനൊരുങ്ങി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവ കരാര്‍ പുനസ്ഥാപിക്കാനൊരുങ്ങുന്ന അമേരിക്കയെ പിന്തിരിപ്പിക്കാനൊരുങ്ങി ഇസ്രഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ബൈഡനുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ബെന്നറ്റ് പറഞ്ഞു.

വ്യാഴാഴ്ച വൈറ്റ്ഹൗസില്‍ വെച്ച് ചര്‍ച്ചകള്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കാബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.

കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ വേദനയില്‍ താനും ഇസ്രഈല്‍ ജനതയും പങ്കുചേരുന്നുവെന്ന് നഫ്താലി ബെന്നറ്റ് പറഞ്ഞു. അമേരിക്കയുടെ ഏത് ദുര്‍ഘട ഘട്ടങ്ങളിലും തങ്ങള്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകള്‍ക്ക് മുന്‍പ് തന്നെ താന്‍ ആണവ കരാറിനെ എതിര്‍ക്കുമെന്ന് ബെന്നറ്റ് വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പ് ‘ഇറാനെ ഇതില്‍ നിന്നും തടയേണ്ട സമയമായിരിക്കുന്നു, അവരെ തടയണം,’ എന്ന കാര്യം ബൈഡനോട് പറയുമെന്ന് തന്റെ ക്യാബിനറ്റില്‍ ബെന്നറ്റ് പ്രസ്താവിച്ചിരുന്നു. കാലഹരണപ്പെട്ട ഈ കരാര്‍ ഒട്ടും പ്രസക്തമല്ല എന്ന കാര്യം ബൈഡനെ ധരിപ്പിക്കുമെന്നും ബെന്നറ്റ് പറഞ്ഞു.

ബുധനാഴ്ച സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കനേയും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനേയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

ഇസ്രഈലിന്റെ പ്രധാനമന്ത്രിയായ ശേഷമുള്ള നഫ്താലി ബെന്നറ്റിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

2015ല്‍ ഒബാമയുടെ നേതൃത്വത്തിലാണ് സുപ്രധാന ആണവ കരാര്‍ (ജെ.സി.പി.ഒ.എ) സ്ഥാപിക്കുന്നത്. ആണവ പദ്ധതി നിര്‍ത്തിവെച്ചാല്‍ ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിക്കാമെന്ന വ്യവസ്ഥയിലാണ് അഞ്ച് രാജ്യങ്ങള്‍ ഈ കരാറില്‍ ഇറാനുമായി ഒപ്പുവെച്ചത്.

എന്നാല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാര്‍ റദ്ദാക്കുകയും ഏകപക്ഷീയമായി പിന്‍വാങ്ങുകയും ഇറാനെതിരെ വീണ്ടും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. ഉപരോധം പുനസ്ഥാപിച്ചതോടെ ഇറാന്‍ ആണവ പദ്ധതികള്‍ പുനരാരംഭിക്കുകയും യുറാനീയം സമ്പൂഷ്ടീകരണം ഉയര്‍ത്തുകയും ചെയ്തു.

അധികാരത്തിലെത്തുന്നതിന് മുന്‍പ് ഇറാനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജോ ബൈഡന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും അനൗദ്യോഗിക ചര്‍ച്ചകളും ആരംഭിച്ചിരുന്നു.

ഇറാനും അമേരിക്കയും തമ്മില്‍ പ്രശ്നപരിഹാരത്തിന് സാധ്യതകള്‍ തെളിഞ്ഞിരിക്കുന്നതിനിടയിലാണ് ഇപ്പോള്‍ ബെന്നറ്റിന്റെ ഇടപെടലിന് കളമൊരുങ്ങുന്നത്. ഇറാന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം റൈസി ചുമതലയേറ്റ് ആഴ്ചകള്‍ക്കുള്ളിലാണ് ബെന്നറ്റ് തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നത് എന്നതും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ഇസ്രഈലിന്റെ മുന്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവില്‍ നിന്നും വ്യത്യസ്തമായ നിലപാടുകളാണ് ബൈഡനുമായി ബെന്നറ്റ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒബാമയുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന നെതന്യാഹു ട്രംപുമായി അടുത്ത ബന്ധമാണ് കാത്തുസൂക്ഷിച്ചിരുന്നത്.

എന്നാല്‍ ബൈഡനും നെതന്യാഹും തമ്മില്‍ ഇപ്പോഴും ഇടഞ്ഞു തന്നെയാണ് നില്‍ക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായ സമീപനമായിരിക്കും ബെന്നറ്റിന്റേതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:

Israeli Prime Minister Naftali Bennett is ready to push back the United States, which is preparing to renew its nuclear deal with Iran.
We use cookies to give you the best possible experience. Learn more