| Thursday, 3rd June 2021, 7:35 am

നെതന്യാഹുവിന് തിരിച്ചടി; ഇസ്രാഈലില്‍ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ഇസ്രാഈലില്‍ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റ് പുതിയ ഇസ്രാഈല്‍  പ്രധാനമന്ത്രിയാകും.

എട്ട് പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്. അതിനാല്‍ പ്രധാനമന്ത്രി പദവി പങ്കിടാനാണ് തീരുമാനം. ബെന്നറ്റിന് ശേഷം രണ്ടാം ടേമില്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന യെര്‍ ലാപിഡ് പ്രധാനമന്ത്രിയാകുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ 12 വര്‍ഷം നീണ്ടുനിന്ന ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തിന് അന്ത്യമാകും. തീവ്ര ജൂതമതവാദിയായ നഫ്താലി ബെന്നറ്റ് നേരത്തെ പ്രതിരോധ വകുപ്പിലടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്.

ഫലസ്തീന്‍ വിഷയത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിനായി യെര്‍ ലാപിഡിന് അനുവദിച്ച സമയം ബുധനാഴ്ചയോടെ അവസാനിക്കാനിരിക്കെയാണ് ബെന്നറ്റിനെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചത്.

അതേസമയം, ഇത്തരം സഖ്യങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ലാപിഡിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ ഇസ്രാഈലില്‍ 12 വര്‍ഷത്തോളമായി തുടരുന്ന നെതന്യാഹു യുഗത്തിന് തിരശ്ശീല വീഴും. ഇതുമുന്നില്‍ കണ്ട് അധികാരം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമങ്ങളുമായി നെതന്യാഹുവും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വോട്ടെടുപ്പില്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

തുടര്‍ന്ന് ആകെയുള്ള 120 സീറ്റില്‍ 61 സീറ്റുകള്‍ നേടിയ ലികുഡ് പാര്‍ട്ടിയ്ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അവസരം നല്‍കുകയും 28 ദിവസത്തിനുള്ളില്‍ കേവല ഭൂരിപക്ഷം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

1996 മുതല്‍ 1999 വരെയും പിന്നീട് 2009 മുതലും ഇസ്രാഈലിന്റെ പ്രധാനമന്ത്രിയായി തുടര്‍ന്ന നെതന്യാഹു രണ്ട് വര്‍ഷത്തിനുള്ളില്‍ നേരിടുന്ന നാലാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Naftali Bennet As New Israel Prime Minister

We use cookies to give you the best possible experience. Learn more