|

'വിധവയ്ക്ക് ലോകം കാണാന്‍ വിലക്കുണ്ടോ? സ്വലാത്ത് ആണിന് ബാധകമല്ലേ'; ഇബ്രാഹിം സഖാഫിക്ക് മറുപടിയായി നഫീസുമ്മയുടെ മകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മക്കളുമൊത്ത് മണാലിയിലേക്ക് യാത്ര പോയ നഫീസുമ്മയെ അധിക്ഷേപിച്ച കാന്തപുരം വിഭാഗം നേതാവ് ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിക്ക് മറുപടി. ഇബ്രാഹിം സഖാഫിക്കെതിരെ നഫീസുമ്മയുടെ മകളാണ് രംഗത്തെത്തിയത്.

വിധവയായ ഒരു സ്ത്രീക്ക് ലോകം കാണാന്‍ വിലക്കുണ്ടോ എന്ന ചോദ്യത്തോടെയാണ് ഇബ്രാഹിം സഖാഫിയുടെ വിമര്‍ശനങ്ങളില്‍ ഉള്‍പ്പെടെ മകള്‍ പ്രതികരിച്ചത്. ലോകം പുരുഷന് കാണാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചതാണോയെന്നും ഉസ്താദിന്റെ വാക്കുകള്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണെന്നും മകള്‍ പറഞ്ഞു.

ആണുങ്ങള്‍ക്ക് ഈ പറഞ്ഞ സ്വലാത്തൊന്നും ബാധകമല്ലെന്നാണോ? എന്തിന് വേണ്ടിയാണോ ആര്‍ക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് അറിയില്ല. അത് മൂലം തന്റെ ഉമ്മയുടെ കണ്ണില്‍ നിന്ന് ഒരുതുള്ളി കണ്ണുനീര്‍ വീണിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂവെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു.

ആയുസിന്റെ പകുതിയോളം കഷ്ടപാടും ദുരിതവും അനുഭവിച്ച തന്റെ ഉമ്മ ഒരു യാത്ര പോയതാണോ നിങ്ങള്‍ കണ്ട കൊടും പാപമെന്നും മകള്‍ ചോദ്യം ഉയര്‍ത്തി. ആരോടും പ്രതികരിക്കാനില്ലെന്നും വിഷയം മനസിലാക്കി തരാന്‍ ഉദ്ദേശമില്ലെന്നും മകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെയാണ് മകള്‍ക്കൊപ്പം മണാലിയില്‍ ടൂര്‍ പോയ നഫീസുമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മഞ്ഞ് മുകളിലേക്ക് വാരിയെറിഞ്ഞും സുഹൃത്തുക്കളോട് ഇതാണ് മക്കളെ ജീവിതമെന്ന് പറഞ്ഞും സന്തോഷിക്കുന്ന നഫീസുമായുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. നഫീസുമ്മയ്ക്ക് ഇത്തരത്തില്‍ കൂടുതല്‍ യാത്രകള്‍ നടത്താന്‍ കഴിയട്ടെയെന്ന് അറിയിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുണ്ടായിരുന്നു.

എന്നാല്‍ നിരവധി മതപണ്ഡിതന്മാരും മറ്റും നഫീസുമ്മയെയും കുടുംബത്തെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കാന്തപുരം വിഭാഗം നേതാവായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി നഫീസുമ്മയെ അധിക്ഷേപിച്ചുകൊണ്ട് പ്രസംഗിച്ചത്.

’25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ, ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലേണ്ടതിന് പകരം ഏതോ ഒരു നാട്ടില്‍ മഞ്ഞില്‍ കളിക്കാന്‍ വേണ്ടി പോയിരിക്കുകയാണ്,’ ഇബ്രാഹിം സഖാഫിയുടെ അധിക്ഷേപ പരാമര്‍ശം.

മഞ്ഞില്‍ കളിച്ചുകൊണ്ട് 25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ആ സ്ത്രീ ഫാത്തിമ, നബീസ എന്നൊക്കെ വിളിച്ച് ഇതാണ് ജീവിതം എന്നൊക്കെ പറയുകയാണെന്നും സഖാഫി പ്രസംഗിച്ചിരുന്നു. സോഷ്യല്‍ മീഡിയക്കെതിരെയും സഖാഫി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനെതിരെയാണ് നഫീസുമ്മയുടെ മകൾ വിമർശനവുമായി രംഗത്തെത്തിയത്.

Content Highlight: Nafeesumma and daughter, viral person after her reel in manali tour, replies to Ibrahim sakafi

Latest Stories