ബാഗ്ദാദ്: ഐ.എസ് ഞങ്ങളെ അപമാനിക്കാനാണ് ശ്രമിച്ചത്, എന്നാല്‍ അപമാനിതരായത് അവര്‍ തന്നെയാണ് “സമധാനത്തിനുള്ള നൊബേല്‍ ജേതാവായ നാദിയ മുറാദയുടെ വാക്കുകളാണിത്. മൂന്ന് മാസത്തോളം അടിമയായി ജീവിക്കുകയും ബലാത്സംഗത്തിന് ഇരയാവുകയും ചെയ്ത വ്യക്തിയാണ് നാദിയ.
ഇറാഖിലെ ഒരു യസീദി കുടുംബത്തില്‍ ജീവിച്ചു പോന്നിരുന്ന ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു നാദിയ മുറാദ്. 2014 ആഗസ്തില്‍ ഐ.എസിന്റെ കറുത്ത കൊടി കെട്ടിയ ട്രക്കുകള്‍ അവളുടെ ഗ്രാമത്തിലേക്ക് എത്തിയതോടെയാണ് നാദിയയുടെ ജീവിതം മാറിയത്.
ഐ.എസ് ഭീകരര്‍ നാദിയയുടെ ഗ്രാമത്തിലുള്ള പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ അടിമകളാക്കുകയും ചെയ്തു. ഗ്രാമത്തിലെ 5000 സ്ത്രീകള്‍ക്കൊപ്പം അവര്‍ 25 വയസ്സുള്ള നാദിയയേയും തട്ടിക്കൊണ്ടു പോയി അടിമയാക്കി. അടിമയായിരിക്കെ നാദിയ പല തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു.
Also Read: ഡോ.മുക്‌വെഗ്: പീഡനത്തിന്റെ മുറിവുകളുണക്കിയ കോങ്‌ഗോയുടെ “അത്ഭുത ഡോക്ടര്‍”
നാദിയ ഉള്‍പ്പടെയുള്ള യസീദി സ്ത്രീകളെ അവര്‍ അടിമ ചന്തകളില്‍ കൊണ്ടു പോയി വിറ്റു. ഇത്തരം ചന്തകളില്‍ യസീദി സ്ത്രീകളോട് അവരുടെ മതം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടും.
തന്നെ അടിമയാക്കി വച്ച വ്യക്തിയില്‍ നിന്നും മോശം അനുഭവമുണ്ടായപ്പോഴാണ് നാദിയ ആദ്യമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു. “രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടാല്‍ അവര്‍ സ്ത്രീകളെ ഒരു മുറിയില്‍ പൂട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്യും. ഇതിനെ “സെക്ഷ്വല്‍ ജിഹാദ്”എന്നാണ് അവര്‍ വിളിക്കുന്നത്. എന്നെയും അവര്‍ അത് തന്നെ ചെയ്തു. എന്നെ പിന്നീട് അടിമയാക്കിയ വ്യക്തി വില്‍ക്കുന്നതിന് മുമ്പ് കുളിക്കാന്‍ ആവശ്യപ്പെട്ടു. ആ അവസരത്തിലാണ് അവിടെ നിന്ന് രക്ഷപ്പെടുന്നത്. ഭീകരരുമായി ബന്ധമില്ലാതിരുന്ന ഒരു മുസ്‌ളിം കുടുംബമാണ് എന്നെ രക്ഷപ്പെടാന്‍ സഹായിച്ചത്” നാദിയ ബി.ബി.സി ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രക്ഷപ്പെട്ട് പുറത്തെത്തിയ നാദിയ യസീദി വിഭാഗത്തെ മോചിപ്പിക്കാനുള്ള ക്യാമ്പയിനിന്റെ മുഖമായി മാറി. ഇറാഖില്‍ നിന്നുള്ള മനുഷ്യക്കടത്ത് അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഐ എസ് നടത്തുന്ന അതിക്രമങ്ങള്‍ ജഡ്ജ് ചെയ്യാന്‍ അന്താരാഷ്ട്ര കോടതി രൂപീകരിക്കണമെന്ന് നാദിയ ആവശ്യപ്പെടുന്നു. സ്വതന്ത്രരായ മറ്റ് രാജ്യങ്ങളൊന്നും ഇറാഖിനു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല എന്നും നാദിയ ആരോപിക്കുന്നു.