| Tuesday, 3rd October 2023, 3:57 pm

പുരുഷന്‍മാര്‍ ഇരട്ടി ശമ്പളം ചോദിക്കും, പെണ്ണുങ്ങള്‍ക്ക് ചോദിക്കാനും മടി, കിട്ടുന്നതും കുറവ്: നദിയ മൊയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അരങ്ങേറ്റ ചിത്രമായ നോക്കാത്തദൂരത്തു കണ്ണുംനട്ട് എന്ന സിനിമയിലൂടെ മലയാളികളുടെ മുഴുവന്‍ ഇഷ്ടം നേടിയെടുത്ത നടിയാണ് നദിയ മൊയ്തു. ഒരുകാലത്തു വിവിധ ഭാഷകളിലടക്കം നിറഞ്ഞു നിന്നിരുന്ന നദിയ വിവാഹ ശേഷം തന്റെ സിനിമ കരിയറില്‍ ഒരു ഇടവേള എടുത്തിരുന്നു.

‘എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു നദിയ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ ‘അതിനു ശേഷം കിട്ടിയതെല്ലാം അമ്മ വേഷങ്ങളായിരുന്നു. ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ മടുപ്പ് തോന്നിയിരുന്നു.’ എന്നാണ് നദിയ പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം .

‘ഈയിടെ തമിഴില്‍ ചെയ്ത ‘ലെറ്റ്‌സ് ഗെറ്റ് മാരീഡും’ മലയാളത്തില്‍ കാലങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയോടൊപ്പം വീണ്ടും ഒന്നിച്ച ‘ഭീഷ്മ പര്‍വ്വ’വും അടുത്ത കാലത്ത് മനസ്സില്‍ തട്ടി അഭിനയിച്ച കഥാപാത്രങ്ങളാണ്, അഞ്ജലി മേനോന്‍ ഒരുക്കിയ വണ്ടര്‍ വിമനില്‍ അഭിനയിച്ചപ്പോഴാണ് ഒരു സിനിമ സെറ്റില്‍ ഒരുപാട് പെണ്ണുങ്ങളെ ആദ്യമായി കാണുന്നത് ,അത് തനിക്ക് പുതിയൊരു അനുഭവമാണ് സമ്മാനിച്ചതെന്ന്’ നദിയ പറയുന്നു.

ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളുണ്ടായാലും അതെല്ലാം തരണം ചെയ്തു മുന്നോട്ട് പോവുമെന്ന് പറയുന്ന നദിയയോട് ഈ നിശ്ചയദാര്‍ഢ്യം എവിടെ നിന്ന് കിട്ടി എന്ന് അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട് . ‘എനിക്ക് ഞാന്‍ തന്നെ ചില ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതില്‍ നിന്ന് മാറില്ല. സിനിമയില്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഞാന്‍ അത് ശ്രദ്ധിക്കാറുണ്ട്.

എന്റെ ആത്മവിശ്വാസവും ധൈര്യവും എന്റെ പപ്പ നല്‍കിയതാണ്. അഭിപ്രായങ്ങളും നിലപാടുകളും ഉറക്കെ പറയാനാണ് പപ്പ പഠിപ്പിച്ചത്. ഞാന്‍ ഒരു ആണിനെ പോലെയാണ് ചിന്തിച്ചത്. ഞാന്‍ മക്കളോട് എപ്പോഴും പറയാറുണ്ട് ജോലി സ്ഥലത്ത് ശമ്പളം കൂട്ടി ചോദിക്കാന്‍ മടിക്കരുതെന്ന്. പുരുഷന്‍മാര്‍ ഇരട്ടി ശമ്പളം ചോദിക്കും. പെണ്ണുങ്ങള്‍ക്ക് ചോദിക്കാനും മടി, കിട്ടുന്നതും കുറവ്. ആ രീതിയാണ് മാറേണ്ടത്.’ എന്നാണ് നാദിയ മറുപടി പറയുന്നത്.

കുടുംബ വിശേഷവും പങ്കു വെക്കാന്‍ താരം മറന്നില്ല. ‘ജീവിതത്തില്‍ താനെടുത്ത ഒരൊറ്റ തീരുമാനം എന്റെ വിവാഹമാണ്. എനിക്ക് രണ്ട് പെണ്‍മക്കളാണ്, എപ്പോഴും സുരക്ഷിതരായി ഇരിക്കാനാണ് ഞാന്‍ അവരോട് പറയാറ്. മക്കള്‍ക്ക് ഞാന്‍ അവരുടെ അമ്മ മാത്രമാണ്, ഒരു നടിയല്ല. അവരാണ് ഇപ്പോള്‍ എല്ലാം പറഞ്ഞു താരാറുള്ളത്, ഞാന്‍ ചുമ്മാ ഒരു കൊച്ചിനെ പോലെയിരുന്നാല്‍ മാത്രം മതി. ‘ നദിയ പറഞ്ഞു.

അരങ്ങേറ്റ കാലത്ത് മമ്മൂട്ടി-മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന നദിയ മൊയ്തു ഇനിയും ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവാന്‍ കാത്തിരിക്കുകയാണ്.

Content Highlight: Nadiya Moidu about her career and remmunaration

We use cookies to give you the best possible experience. Learn more