അരങ്ങേറ്റ ചിത്രമായ നോക്കാത്തദൂരത്തു കണ്ണുംനട്ട് എന്ന സിനിമയിലൂടെ മലയാളികളുടെ മുഴുവൻ ഇഷ്ടം നേടിയെടുത്ത നടിയാണ് നദിയ മൊയ്‌തു. ഒരുകാലത്തു വിവിധ ഭാഷകളിലടക്കം നിറഞ്ഞു നിന്നിരുന്ന നദിയ വിവാഹ ശേഷം തൻ്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു.
‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. നദിയ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത്. തിരിച്ചുവരവിൽ മലയാളത്തിൽ മോഹൻലാലിനൊപ്പം നീരാളി, മമ്മൂട്ടിയോടൊപ്പം ഡബിൾസ്, ഭീഷ്മ പർവം എന്നീ ചിത്രങ്ങൾ നദിയ ചെയ്തിരുന്നു.
ആദ്യ ചിത്രമായ നോക്കത്ത ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയുടെ അനുഭവങ്ങൾ പറയുകയാണ് താരം. അന്ന് തനിക്ക് മലയാളം പഠിപ്പിച്ചു തന്നത് സംവിധായകൻ സിദ്ദിഖാണെന്നും സിദ്ദിഖും ലാലും ഫാസിലിന്റെ അസോസിയേറ്റ്സ് ആയിരുന്നുവെന്നും നദിയ പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.
‘നല്ല ഓർമയുണ്ട്. ഞാനാദ്യമായി ചെയ്യുന്ന സിനിമയാണത്. സെറ്റിൽ വരുമ്പോഴും സിനിമയിൽ അഭിനയിക്കുകയാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. സ്കൂളിൽ ഏതോ ഒരു നാടകത്തിൽ അഭിനയിക്കുകയാണെന്നേ തോന്നിയിട്ടുള്ളൂ. ഫാസിലങ്കിളിന്റെ സഹോദരൻമാരെല്ലാം എന്റെ അച്ഛൻ്റെ സുഹൃത്തുക്കളായിരുന്നു. ആ ഒരു അടുപ്പമുണ്ടായിരുന്നു.
ഈ സിനിമ നന്നായി ഓടണം, അതുകഴിഞ്ഞ് കുറേ പടങ്ങൾ ചെയ്യണം, അങ്ങനെയുള്ള വിചാരങ്ങളൊന്നും തീരെ ഉണ്ടായിരുന്നില്ല. നല്ല പരിചയമുള്ള ആൾക്കാർ ഒരു പടം ചെയ്യാൻ ഓഫർ തന്നു, ചെയ്‌തു. അത്രേയുള്ളൂ.
അന്നെനിക്ക് മലയാളം അത്ര നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു. എനിക്കാണെങ്കിൽ കുറേ ഡയലോഗുണ്ട് പറയാൻ. സംവിധായകൻ സിദ്ദിഖ് ആയിരുന്നു അന്ന് ഫാസിൽ സാറിന്റെ അസോസിയേറ്റ്. എനിക്ക് ഡയലോഗുകൾ പഠിപ്പിച്ചുതരാനും അത് മനപ്പാഠമാക്കിത്തരാനും ഒക്കെ സിദ്ദിഖ് കുറേ മെനക്കെട്ടിട്ടുണ്ട്.
സെറ്റിൽ ഇടവേളകളിൽ ലാലും സിദ്ദിഖും കുറേ മിമിക്രിയും അതുമിതുമൊക്കെ കാണിക്കുമായിരുന്നു. അത് ആസ്വദിക്കും. എന്നാലും എനിക്ക് പഠിക്കാൻ കുറേ ഡയലോഗുകൾ ഉള്ളതുകൊണ്ട് അതിലേക്കായിരുന്നു കൂടുതൽ ശ്രദ്ധ,’നദിയ മൊയ്തു പറയുന്നു.
Content Highlight: Nadiya Moaithu Talk About Nokkethadoorath Kannunatt