കൊച്ചി: പാട്ടുകാരനായും നടനായും മികച്ച പ്രകടനം കാഴ്ചവെച്ച നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
ചിത്രത്തില്‍ കഥ പറയാനായി പൃഥ്വിരാജിനെ സമീപിച്ചപ്പോഴുണ്ടായ അനുഭവം പറയുകയാണ് നാദിര്‍ഷ. കുറച്ച് വര്‍ഷം മുമ്പ് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നാദിര്‍ഷ മനസ്സുതുറന്നത്.
പൃഥ്വിരാജുമായിട്ട് എനിക്ക് അത്ര വലിയ കമ്പനിയൊന്നുമില്ല. അമ്മയുടെ ഷോയ്ക്ക് ഒക്കെ വെച്ച് കണ്ടാല്‍ ഒരു ഹായ് പറയും. അത്ര തന്നെയുണ്ടായിരുന്നുള്ളു. ഇന്ദ്രജിത്തുമായിട്ട് കുറച്ചൊക്കെ സംസാരിക്കാറുണ്ടായിരുന്നു.
നിര്‍മാതാവ് ആല്‍വിന്‍ ആന്റണി ചേട്ടന്‍ വഴിയാണ് പൃഥ്വിരാജിനോട് കഥപറയാന്‍ പോയത്. അങ്ങനെ രാജു കഥ കേള്‍ക്കുകയും അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
രാജു സമ്മതിച്ചതില്‍ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയ സാഹചര്യമായിരുന്നു അത്. ദിലീപ് എന്ന എന്റെ നല്ലൊരു സുഹൃത്ത്, അദ്ദേഹത്തിന്റെ നല്ലൊരു സ്‌ക്രിപ്റ്റ്, ഞാന്‍ നല്ലൊരു സംവിധായകനാണെങ്കില്‍ എന്തുകൊണ്ട് അയാളുടെ ഏറ്റവും അടുത്ത സുഹൃത്തിന് ഡേറ്റ് കൊടുത്തില്ല അല്ലെങ്കില്‍ സംവിധാനം ചെയ്യിപ്പിച്ചില്ല എന്ന ചോദ്യം ചോദിക്കേണ്ടിയിരുന്നയാളാണ് രാജു.
ഒന്നും അറിയാതെയാണ് എനിക്ക് രാജു ഡേറ്റ് തന്നത്. പിന്നീട് കുറെ പേര്‍ രാജുവിനോട് ചോദിച്ചിട്ടുണ്ട് നാദിര്‍ഷ എങ്ങനെയുണ്ടെന്ന്. ഇത് സെറ്റില്‍ വെച്ച് രാജു എന്നോട് പറഞ്ഞിട്ടുമുണ്ട്. അതിന് ഉത്തരമാണ് നിങ്ങളുടെ ഈ സിനിമയെന്നും രാജു പറഞ്ഞിരുന്നു,’ നാദിര്‍ഷ പറഞ്ഞു.
2015ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. നവാഗതരായ ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നാദിര്‍ഷ തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചത്.