കൊച്ചി: അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം ഏത് സിനിമ ഒഴിവാക്കുന്നു എന്നതിലാണ് ഇനി നിങ്ങള്‍ ബുദ്ധി ഉപയോഗിക്കേണ്ടത് എന്ന് പൃഥ്വിരാജ് തന്നോട് പറഞ്ഞിരുന്നുവെന്ന് സംവിധായകനും നടനുമായ നാദിര്‍ഷാ. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
”ഈ സിനിമയുടെ വിജയം അര്‍ഹിക്കുന്നയാളാണ് നിങ്ങള്‍. ഇതിനുവേണ്ടി നിങ്ങള്‍ ഒരുപാട് പണിയെടുത്തിട്ടുണ്ട്. ചിത്രം ഹിറ്റ് ആകുകയോ ഇല്ലയോ എന്നൊന്നും പറയുന്നില്ല.
പക്ഷെ ഈ ചിത്രത്തിലൂടെ നിങ്ങളിലെ സംവിധായകന്‍ ഒരുപാട് ശ്രദ്ധിക്കപ്പെടും. ഇനി ചെയ്യേണ്ടത്, ഏതൊക്കെ സിനിമ ചെയ്യാതിരിക്കുന്നു എന്നതിലാണ് നിങ്ങളുടെ ബുദ്ധി.
നിങ്ങളെ തേടി ഒരുപാട് സിനിമ വരും. ഒരുപാട് നിര്‍മാതാക്കളും തേടിവരും. അതില്‍ ഏതൊക്കെ നിങ്ങള്‍ കളയുന്നുവെന്നതിലാണ് ബുദ്ധി. അക്കാര്യം നിങ്ങള്‍ സൂക്ഷിക്കണമെന്ന് പൃഥ്വി പറഞ്ഞു,” നാദിര്‍ഷാ പറയുന്നു.
ഒന്നും അറിയാതെയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് രാജു ഡേറ്റ് തന്നതെന്നും നാദിര്‍ഷാ പറഞ്ഞു.
‘പിന്നീട് കുറെ പേര്‍ രാജുവിനോട് ചോദിച്ചിട്ടുണ്ട് നാദിര്‍ഷ എങ്ങനെയുണ്ടെന്ന്. ഇത് സെറ്റില്‍ വെച്ച് രാജു എന്നോട് പറഞ്ഞിട്ടുമുണ്ട്. അതിന് ഉത്തരമാണ് നിങ്ങളുടെ ഈ സിനിമയെന്നും രാജു പറഞ്ഞിരുന്നു,’ നാദിര്‍ഷാ പറഞ്ഞു.
പാട്ടുകാരനായും നടനായും മികച്ച പ്രകടനം കാഴ്ചവെച്ച നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
2015ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. നവാഗതരായ ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നാദിര്‍ഷ തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചത്.