| Tuesday, 4th June 2024, 4:56 pm

ആ സിനിമ ചീറ്റിപ്പോയാല്‍ പ്രശ്‌നമാണ്; മമ്മൂക്ക ഒന്നും ചെയ്യില്ല, ഫാന്‍സ് തല്ലി കൊന്നുകളയും: നാദിര്‍ഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, ഗായകന്‍, സംഗീതസംവിധായകന്‍, മിമിക്രി കലാകാരന്‍, ഗാനരചയിതാവ്, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഏറെ പ്രശസ്തനായ വ്യക്തിയാണ് നാദിര്‍ഷ. 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനാകുന്നത്.

മമ്മൂട്ടിയോട് മുമ്പ് കഥ പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് നാദിര്‍ഷ. എല്ലാവരെയും പോലെ താനും മമ്മൂട്ടിയുമായുള്ള പ്രൊജക്റ്റ് പ്രതീക്ഷിക്കുന്നുണ്ടെന്നും താന്‍ അന്ന് അദ്ദേഹത്തോട് പറഞ്ഞത് ഹ്യൂമര്‍ നിറഞ്ഞ കഥയായിരുന്നെന്നും നാദിര്‍ഷ പറഞ്ഞു.

മമ്മൂട്ടി ഇപ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങളൊക്കെ മറ്റൊരു തലത്തിലുള്ളതാണെന്നും അതിനിടയില്‍ തന്റെ സിനിമ റിസ്‌ക്കാണെന്നുമാണ് താരം പറയുന്നത്. സ്റ്റോര്‍ക്ക് മാജിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നാദിര്‍ഷ.

‘മമ്മൂക്കയുമായുള്ള പ്രൊജക്റ്റ് എല്ലാവരെയും പോലെ ഞാനും പ്രതീക്ഷിക്കുന്നുണ്ട്. മുമ്പ് മമ്മൂക്കയോട് ഞാന്‍ ഒരു കഥ പറഞ്ഞിരുന്നു. കട്ടപ്പന സിനിമയൊക്കെ കഴിഞ്ഞ ശേഷമായിരുന്നു ആ കഥ ചെന്ന് പറഞ്ഞത്. അയാം എ ഡിസ്‌ക്കോ ഡാന്‍സര്‍ എന്ന സബ്‌ജെക്റ്റായിരുന്നു അത്. ചിരിക്കാനൊക്കെയുള്ള ഒരു സിനിമയായിരുന്നു.

പക്ഷെ ഇപ്പോള്‍ അതില്‍ ഒരു കുഴപ്പമുണ്ട്. കൊവിഡിന് രണ്ടുവര്‍ഷം മുമ്പാണ് ഈ കഥ പറയുന്നത്. ഇപ്പോള്‍ ഏകദേശം അഞ്ചോ ആറോ വര്‍ഷങ്ങളായി. അതിന്റേതായ വ്യത്യാസം ആ സബ്‌ജെക്റ്റിനുണ്ട്. പിന്നെ മമ്മൂക്ക മാറി. ഇക്കയുടെ രൂപത്തിന് മാത്രമേ മാറ്റമില്ലാതെയുള്ളു.

മമ്മൂക്ക ഇപ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങളൊക്കെ വേറെയൊരു തലത്തിലുള്ളതാണ്. അതിനിടയില്‍ ഇത് റിസ്‌ക്കാണ്. തമാശ നിറഞ്ഞ കഥാപാത്രവുമായി ചെന്നിട്ട് അത് ചീറ്റിപ്പോയാല്‍ പ്രശ്‌നമാണ്. മമ്മൂക്ക ഒന്നും ചെയ്യില്ല. പക്ഷെ ഇക്കയെ സ്‌നേഹിക്കുന്ന കുറേയാളുകളുണ്ട്.

മമ്മൂക്കക്ക് ആ സിനിമ കൊണ്ട് ഒന്നും പറ്റുകയുമില്ല ഇക്കയൊന്നും പറയുകയുമില്ല. മമ്മൂക്ക പഴയ ആ സ്‌നേഹം തന്നെ നമ്മളോട് കാണിക്കും. പക്ഷെ മമ്മൂക്കയെ ഇഷ്ടപ്പെടുന്ന ഫാന്‍സ് വന്ന് നമ്മളെ തല്ലി കൊന്നുകളയും (ചിരി). എന്തിനാണ് വെറുതെ,’ നാദിര്‍ഷ പറഞ്ഞു.


Content Highlight: Nadirsha Talks About Mammootty’s Fans

We use cookies to give you the best possible experience. Learn more