| Friday, 9th February 2024, 10:18 am

ഒരു സംവിധായകന്റെ രണ്ടാമത്തെ പടമാണ് ആദ്യപടമെന്ന് പറഞ്ഞ് പേടിപ്പിച്ചു; അവളോട് പറഞ്ഞാല്‍ ഭ്രാന്താണെന്ന് പറയും: നാദിര്‍ഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, ഗായകന്‍, സംഗീതസംവിധായകന്‍, മിമിക്രി കലാകാരന്‍, ഗാനരചയിതാവ്, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഏറെ പ്രശസ്തനായ വ്യക്തിയാണ് നാദിര്‍ഷ. 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനാകുന്നത്.

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരന്‍, നമിത പ്രമോദ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.

വലിയ വിജയമായ അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത അടുത്ത ചിത്രമായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ഇത് ബോക്സ് ഓഫീസില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് മലയാള ചിത്രങ്ങളിലൊന്നായിരുന്നു.

2016ല്‍ തിയേറ്ററിലെത്തിയ ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ലിജോമോള്‍ ജോസ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്.

ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നാദിര്‍ഷ. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ ഒരുപാട് ആളുകള്‍ തന്നെ പേടിപ്പിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

‘അന്ന് എന്നെ ഒരുപാട് ആളുകള്‍ പേടിപ്പിച്ചിരുന്നു. വേറെ ഒന്നും കൊണ്ടല്ല, എന്റെ ആദ്യത്തെ പടം അമര്‍ അക്ബര്‍ അന്തോണിയായിരുന്നു. അതില്‍ അഞ്ച് ഹീറോസാണ്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, നമിത പ്രമോദ്. അവരൊക്കെ നല്ല വാല്യൂവുള്ളവരാണ്.

കട്ടപ്പന അനൗണ്‍സ് ചെയ്തതും ചിലര്‍ ‘ഒരു സംവിധായകന്റെ രണ്ടാമത്തെ പടമാണ് അയാളുടെ ആദ്യത്തെ പടം’ എന്ന് പറഞ്ഞു. അതെങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ഒരു സംവിധായകന്റെ ആദ്യത്തെ പടം എങ്ങനെയെങ്കിലും രക്ഷപെടും.

അതിപ്പോള്‍ പൃഥ്വിയെയും ജയസൂര്യയെയും പോലെയുള്ളവരെ വെച്ച് ചെയ്യുമ്പോള്‍ താനെന്നല്ല ആര് സിനിമ ചെയ്താലും അത് വിജയിക്കുമെന്ന് പറഞ്ഞു. പക്ഷേ ഇനി ചെയ്യാന്‍ പോകുന്നത് സൂക്ഷിച്ചില്ലെങ്കില്‍ വിജയിക്കണമെന്നില്ല എന്നൊക്കെ പറഞ്ഞ് ഒരുപാട് പേടിപ്പിച്ചു.

ഞാന്‍ വീട്ടില്‍ ചെന്നിട്ടും ഇതോര്‍ത്ത് പേടിച്ചിരിപ്പായി. ഭാര്യ കാര്യം ചോദിച്ചാല്‍ എനിക്ക് ഒന്നും പറയാനും കഴിയില്ല. എന്റെ രണ്ടാമത്തെ പടമാണ് ആദ്യത്തെ പടമെന്ന് പറഞ്ഞാല്‍ അവളെനിക്ക് ഭ്രാന്താണെന്ന് പറയില്ലേ,’ നാദിര്‍ഷ പറഞ്ഞു.


Content Highlight: Nadirsha Talks About Kattappanayile Rithwik Roshan

We use cookies to give you the best possible experience. Learn more