| Tuesday, 4th June 2024, 9:35 pm

മമ്മൂക്കയോട് അന്ന് 'അയാം എ ഡിസ്‌കോ ഡാന്‍സര്‍' എന്ന സിനിമയുടെ കഥ പറഞ്ഞു; ഇപ്പോള്‍ അതിലൊരു കുഴപ്പമുണ്ട്: നാദിര്‍ഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാവരെയും പോലെ താനും മമ്മൂട്ടിയുമായുള്ള പ്രൊജക്റ്റ് പ്രതീക്ഷിക്കുന്നുണ്ടെന്നും താന്‍ ഒരിക്കല്‍ അദ്ദേഹത്തോട് കഥ പറഞ്ഞിരുന്നെന്നും പറയുകയാണ് നാദിര്‍ഷ. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമ കഴിഞ്ഞ ശേഷമായിരുന്നു ആ കഥ മമ്മൂട്ടിയോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘അയാം എ ഡിസ്‌കോ ഡാന്‍സര്‍’ എന്നായിരുന്നു ആ സിനിമയുടെ പേരെന്നും ഒരുപാട് ചിരിക്കാനുള്ള സിനിമയായിരുന്നെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു. സ്റ്റോര്‍ക്ക് മാജിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്കയുമായുള്ള പ്രൊജക്റ്റ് എല്ലാവരെയും പോലെ ഞാനും പ്രതീക്ഷിക്കുന്നുണ്ട്. മുമ്പ് മമ്മൂക്കയോട് ഞാന്‍ ഒരു കഥ പറഞ്ഞിരുന്നു. കട്ടപ്പന സിനിമയൊക്കെ കഴിഞ്ഞ ശേഷമായിരുന്നു ആ കഥ ചെന്ന് പറഞ്ഞത്.

അയാം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന് പറഞ്ഞുള്ള സബ്ജെക്റ്റായിരുന്നു അത്. ചിരിക്കാനൊക്കെയുള്ള ഒരു സിനിമയായിരുന്നു. പക്ഷെ ഇപ്പോള്‍ അതില്‍ ഒരു കുഴപ്പമുണ്ട്. കൊവിഡിന് രണ്ടുവര്‍ഷം മുമ്പാണ് ഈ കഥ പറയുന്നത്.

ഇപ്പോള്‍ ഏകദേശം അഞ്ചോ ആറോ വര്‍ഷങ്ങളായി. അതിന്റേതായ വ്യത്യാസം ആ സബ്ജെക്റ്റിനുണ്ട്. പിന്നെ മമ്മൂക്ക മാറി. ഇക്കയുടെ രൂപത്തിന് മാത്രമേ മാറ്റമില്ലാതെയുള്ളു. മമ്മൂക്ക ഇപ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങളൊക്കെ വേറെയൊരു തലത്തിലുള്ളതാണ്.

അതിനിടയില്‍ ഇത് റിസ്‌ക്കാണ്. തമാശ നിറഞ്ഞ കഥാപാത്രവുമായി ചെന്നിട്ട് അത് ചീറ്റിപ്പോയാല്‍ പ്രശ്നമാണ്. മമ്മൂക്ക ഒന്നും ചെയ്യില്ല. പക്ഷെ ഇക്കയെ സ്നേഹിക്കുന്ന കുറേയാളുകളുണ്ട്. മമ്മൂക്കക്ക് ആ സിനിമ കൊണ്ട് ഒന്നും പറ്റുകയുമില്ല ഇക്കയൊന്നും പറയുകയുമില്ല.

മമ്മൂക്ക പഴയ ആ സ്നേഹം തന്നെ നമ്മളോട് കാണിക്കും. പക്ഷെ മമ്മൂക്കയെ ഇഷ്ടപ്പെടുന്ന ഫാന്‍സ് വന്ന് നമ്മളെ തല്ലി കൊന്നുകളയും (ചിരി). എന്തിനാണ് വെറുതെ,’ നാദിര്‍ഷ പറഞ്ഞു.


Content Highlight: Nadirsha Talks About I Am A Disco Dancer Movie

We use cookies to give you the best possible experience. Learn more