| Wednesday, 26th October 2022, 6:39 pm

പട്ടിണി കിടക്കുകയാണെന്ന് വിചാരിച്ച് വിളിച്ചുകൊണ്ടുവന്ന് സിനിമയില്‍ അഭിനയിപ്പിക്കില്ല, ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഞാന്‍ കൈപിടിച്ച് കൊണ്ടുവരൂ: നാദിര്‍ഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയാണ് ‘ഈശോ’. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ‘ഈശോ’ വിവാദത്തിലായിരുന്നു.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരുപാട് പേരെ കൈപിടിച്ച് സിനിമയിലേക്ക് കൊണ്ടുവന്ന ആളാണല്ലോ എന്ന ചോദ്യത്തില്‍ ഇന്ത്യാ ഗ്ലിറ്റ്‌സ് മലയാളത്തില്‍ പ്രതികരിക്കുകയാണ് നാദിര്‍ഷ.

‘എനിക്ക് ആവശ്യമുണ്ടായിട്ട് കൈപിടിച്ച് കൊണ്ടുവന്നതാണ്. അവര്‍ക്ക് കഴിവുള്ളതിന്റെ പേരില്‍ മാത്രമാണ്. സ്റ്റേജിലാണെങ്കിലും സിനിമയിലാണെങ്കിലും എനിക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഞാന്‍ കൈപിടിച്ച് കൊണ്ടുവരൂ. അയാള്‍ അവിടെ പട്ടിണി കിടക്കുകയാണെന്ന് വിചാരിച്ച് വിളിച്ചുകൊണ്ടുവന്ന് സിനിമയില്‍ അഭിനയിപ്പിക്കുകയോ, സ്‌റ്റേജില്‍ കയറ്റി പാട്ട് പാടിപ്പിച്ച് രക്ഷപ്പെടുത്തുക്കുകയോ ഞാന്‍ ചെയ്തിട്ടില്ല.

എന്റെ സ്റ്റേജുകളില്‍ എനിക്ക് ആവശ്യമായി തോന്നിയ സമയത്ത് ഞാന്‍ ആളുകളെ വിളിച്ചിട്ടുണ്ട്. അവര് പക്ഷേ രക്ഷപ്പെട്ട് പോയത് അവരുടെ കഴിവ് കൊണ്ടാണ്. ഇവരെയെല്ലാം ആദ്യ കാലങ്ങളില്‍ ഇന്‍ട്രഡ്യൂസ് ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.

അമര്‍ അക്ബര്‍ അന്തോണിയില്‍ ഷഫീഖ് ആണ് ബംഗാളിയുടെ ക്യാരക്ടര്‍ ചെയ്തത്. ഷെഫിഖ് ഒരു കല്ല്യാണവീട്ടില്‍ വെച്ചാണ്, ഇക്കാ എനിക്ക് അഭിനയിക്കാന്‍ ഒരു റോള്‍ തരുമോ എന്ന് ചോദിച്ചത്. അന്ന് എല്ലാവരോടും പറയുന്നത് പോലെ നോക്കാം എന്ന് പറഞ്ഞ് ഞാനത് വിട്ടു. ഫോണ്‍ നമ്പറും വാങ്ങിച്ചിരുന്നു.

അങ്ങനെ അമര്‍ അക്ബര്‍ അന്തോണിയുടെ ഷൂട്ടിങ് സമയത്ത് ബംഗാളി ക്യാരക്ടര്‍ ചെയ്യാനായി ഒരാളെ അന്വേഷിച്ചുകൊണ്ടിരുന്നപ്പോള്‍ ഷഫീഖിനെ ഓര്‍മ വന്നു. ആളെ വിളിച്ച്, മേക്ക്ഓവര്‍ ചെയ്ത് നോക്കിയപ്പോള്‍ ക്യാരക്ടറിന് സ്യൂട്ടായി. അത് സംഭവിക്കുന്നതാണ്, അല്ലാതെ രക്ഷപ്പെടുത്താന്‍ വേണ്ടി കൊണ്ടുവരുന്നതല്ല.

അയാള്‍ വന്ന് ആ ക്യാരക്ടര്‍ ഗംഭീരമായി ചെയ്തു. ഫസ്റ്റ് ഡേ അയാള്‍ വന്ന് ഷൂട്ട് ചെയ്ത് അത് കൊള്ളൂലെങ്കില്‍ പകരം നമ്മള്‍ ആളെ വേറെ നോക്കിവെച്ചിട്ടുണ്ട്, അതേ ലൊക്കേഷനില്‍ തന്നെ. പക്ഷേ അത് ഈ ആര്‍ട്ടിസ്റ്റുകള്‍ പോലും അറിയില്ല,’ നാദിര്‍ഷ പറഞ്ഞു.

അതേസമയം, ഈശോ ഒക്ടോബര്‍ അഞ്ചിന് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ച് അഞ്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പുതിയ റെക്കോഡുകള്‍ സ്വന്തമാക്കിയിരിന്നു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സോണി ലിവില്‍ കണ്ട ചിത്രമെന്ന നേട്ടവും ഈശോ സ്വന്തമാക്കി.

ജയസൂര്യയെക്കൂടാതെ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രജിത്ത് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Nadirsha talking about Selection of new actors in his films

We use cookies to give you the best possible experience. Learn more