| Saturday, 14th December 2024, 10:31 am

സിനിമയിലെ ക്യാമറയുടെ മുന്നിലൂടെ പോലും നിന്നെ ഞാന്‍ നടത്തിക്കില്ലെന്ന് അദ്ദേഹം മുഖത്ത് നോക്കി പറഞ്ഞപ്പോള്‍ കരഞ്ഞിട്ടുണ്ട്: നാദിര്‍ഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് നാദിര്‍ഷ. അഭിനയത്തിന് പുറമെ പാരഡി ഗാനരചയിതാവ്, ഗായകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നാദിര്‍ഷ 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു.

സിനിമയിലേക്ക് വരാന്‍ വേണ്ടി ചാന്‍സ് ചോദിച്ച് നടന്ന കാലത്ത് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നാദിര്‍ഷ. തന്നെയൊന്നും ഒരു പാസിങ് ഷോട്ടില്‍ പോലും അഭിനയിപ്പിക്കില്ലെന്നും മലയാള സിനിമയുടെ ഒരു ക്യാമറയില്‍ പോലും തന്റെ മുഖം കാണിക്കില്ലെന്നും ഒരു സംവിധായകന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നാദിര്‍ഷ പറയുന്നു.

അത് കേട്ട് കരഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അങ്ങനെ പറഞ്ഞ ആളോട് ദേഷ്യമോ പ്രതികാരമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടിലെ ചേട്ടാനിയന്‍മാര്‍ പറയുന്ന ലാഘവത്തോടെയാണ് ഇപ്പോള്‍ അതെടുക്കുന്നതെന്നും ആ അനുഭവം ഉള്ളതുകൊണ്ട് താന്‍ ആരുടേയും മനസിനെ വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കില്ലെന്നും നാദിര്‍ഷ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിന്നെ ഒരു പാസിങ് ഷോട്ടില്‍ പോലും അഭിനയിപ്പിക്കില്ല, മലയാള സിനിമയിലെ ക്യാമറയുടെ മുന്നിലൂടെ നിന്നെ ഞാന്‍ നടത്തിക്കില്ല എന്ന് ഒരു സംവിധായകന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അത് എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. അന്ന് ഞാന്‍ കരഞ്ഞു എന്നാല്‍ ഇന്ന് അദ്ദേഹത്തോട് അതിനെ കുറിച്ച് ഓര്‍ത്ത് ദേഷ്യപ്പെടേണ്ട കാര്യമോ പ്രതികാരം കൊണ്ട് നടക്കേണ്ട കാര്യമോ ഇല്ല.

അങ്ങനെയൊക്കെ നോക്കുകയാണെങ്കില്‍ തന്നെ നമ്മുടെ വീട്ടിലൊക്കെ ചേട്ടന്‍മാരോടും അനിയന്‍മാരോടുമെല്ലാം നമ്മള്‍ എന്തൊക്കെ പറയുന്നു. അത് ആ ഒരു ലാഘവത്തോടെ വിട്ടാല്‍ മതി. എന്നാല്‍ ഇതിന് നിന്ന് കിട്ടിയ ഗുണം എന്താണെന്ന് വെച്ചാല്‍, നമ്മള്‍ പരിപാടിക്ക് വേണ്ടി ഇറങ്ങി കഴിഞ്ഞാല്‍ ഇങ്ങനെയൊന്നും ഒരാളോടും പറയാന്‍ പാടില്ലെന്നും പറഞ്ഞാല്‍ അത് മനസിനെ എത്ര ആഴത്തില്‍ വേദനിപ്പിക്കും എന്നെല്ലാം മനസിലാക്കാന്‍ കഴിഞ്ഞു.

ആ സംഭവം ഉള്ളതുകൊണ് തന്നെ ആരോടും ഞാന്‍ അങ്ങനെയൊന്നും പറയില്ല. ആരെയും നിന്ദിക്കുകയോ മുഖത്തടിച്ചപോലെ സംസാരിക്കുകയോ ചെയ്യില്ല. നിന്നെ ഔട്ടാക്കി കളയും എന്നെല്ലാം ആധികാരികമായി പറയാനുള്ള യോഗ്യത നമുക്കാര്‍ക്കും ഈശ്വരന്‍ തന്നിട്ടില്ല,’ നാദിര്‍ഷ പറയുന്നു.

Content Highlight: Nadirsha Sharing His Bad Experience

We use cookies to give you the best possible experience. Learn more