ദിലീപ് സിനിമകളില്‍ നിന്നും ഒരു പ്രൊഡ്യൂസര്‍ക്ക് ഏറ്റവും അധികം ലാഭം കിട്ടിയത് കേശു ഈ വീടിന്റെ നാഥനില്‍ നിന്നുമാണെന്ന് സംവിധായകന് നാദിര്‍ഷ. പ്രായമായവര്‍ക്ക് സിനിമക്ക് കുഴപ്പമൊന്നും തോന്നിയില്ലെന്നും യൂത്തിനാണ് പ്രശ്നങ്ങള്‍ തോന്നിയതെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്കിയ അഭിമുഖത്തില്‍ നാദിര്‍ഷ പറഞ്ഞു.
‘കേശു ഈ വീടിന്റെ നാഥന്റെ നിരവധി പ്രിവ്യൂ ഷോകള്‍ സീനിയര്‍ സംവിധായകരും പുതിയ സംവിധായകരും ഫ്രണ്ട്സും എല്ലാം കൂടി കണ്ടതാണ്. ഫാമിലിയോടൊപ്പമാണ് തിയേറ്ററില്‍ ഇരുന്നു കാണുന്നത്. ആ സമയത്തുള്ള കുഞ്ഞുകുഞ്ഞു ചിരികള്‍ തിയേറ്ററില്‍ കിട്ടും. പക്ഷേ ഒ.ടി.ടിയില്‍ ഒറ്റക്ക് കാണുമ്പോള്‍ അല്ലെങ്കില്‍ പോസ് ചെയ്ത് പോവുമ്പോള്‍ ആ സിനിമ ആസ്വദിക്കാന്‍ പറ്റാത്ത ഒരുപാട് ആള്‍ക്കാരുണ്ട്. ഒരുപാട് ആള്ക്കാര് ചീത്ത പറഞ്ഞിട്ടുണ്ട്. ചീത്ത കേട്ടിട്ടുമുണ്ട്.
ഭയങ്കര മഹത്തായ സിനിമയാണെന്ന് ഒരു അവകാശ വാദവുമില്ല. പാളിച്ചകള്‍ സിനിമക്ക് ഉണ്ടാവാറുണ്ട്. ചിലര്‍ക്ക് ഇഷ്ടപ്പെടും. പ്രായമായ ആളുകള്‍ക്ക് ഈ സിനിമക്ക് എന്താണ് കുഴപ്പമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ന്യൂ ജനറേഷന് സിനിമകളും സബ്ജെക്ടുകളും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന യൂത്തിന് ഇയാളെന്താ ചെയ്തുവെച്ചേക്കുന്നതെന്നും ഇതൊക്കെ പഴയ സിനിമകളുടെ പാറ്റേണ്‍ അല്ലേയെന്നുമുള്ള ഫീല്‍ വന്നിട്ടുണ്ട്. അതിന് ആരേയും കുറ്റം പറയുകയല്ല. നമ്മുടെ കാഴ്ചപ്പാടാണ് ഓരോ സിനിമയും.
പക്ഷേ സാമ്പത്തികമായി ആ സിനിമ ഓകെ ആയിരുന്നു. ഒ.ടി.ടിയില്‍ കൊടുത്തപ്പോള്‍ നല്ല പ്രോഫിറ്റായിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമിലും സാറ്റലൈറ്റിലും കൊടുക്കുമ്പോള്‍ കൃത്യമായ രേഖകളും എമൗണ്ടുമാണ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. അതൊക്കെ ട്രാന്‍സ്പരന്റ് ആണ്. ദിലീപ് സിനിമകളില്‍ നിന്നും ഒരു പ്രൊഡ്യൂസര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ലാഭം കേശുവില്‍ നിന്നുമാണ് കിട്ടിയിട്ടുള്ളത്. അത് ഇന്‍ഡസ്ട്രിയിലുള്ള എല്ലാ പ്രൊഡ്യൂസേഴ്സിനും അറിയാം. ഇതൊരു തള്ളാണെന്ന് വിചാരിക്കുന്നവര്‍ക്ക് അങ്ങനെ വിചാരിക്കാം. നമ്മള് ആ സമയത്ത് തള്ളിയില്ല,’ നാദിര്‍ഷ പറഞ്ഞു.
ഈശോയാണ് പുതുതായി റിലീസ് ചെയ്ത നാദിര്‍ഷയുടെ സിനിമ. ജയസൂര്യ, ജാഫര്‍ ഇടുക്കി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം സോണി ലിവിലാണ് റിലീസ് ചെയ്തത്. നമിത പ്രമോദ്, ജോണി ആന്റണി, രജിത്ത് കുമാര്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.
Content Highlight: nadirsha says Keshu Ee veedinte Nadhan is the movie that made highest profit among Dileep’s movies