| Sunday, 8th August 2021, 3:33 pm

ലാല്‍ ജോസോ മാര്‍ട്ടിന്‍ പ്രക്കാട്ടോ എബ്രിഡ് ഷൈനോ ചെയ്യുന്ന സിനിമകള്‍ക്ക് 'ഈശോ' എന്ന പേരിടാമെന്നാണ് ഒരു വൈദികന്‍ പറഞ്ഞത്; വെളിപ്പെടുത്തലുമായി നാദിര്‍ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഈശോ സിനിമ വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ നാദിര്‍ഷാ. റിപ്പോര്‍ട്ടര്‍ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നാദിര്‍ഷായുടെ പ്രതികരണം.

താന്‍ സിനിമയിലൂടെ ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മതം നോക്കിയല്ല താന്‍ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളുണ്ടായ സമയത്ത് ഒരു വൈദികന്‍ തന്നോട് സംസാരിച്ചെന്നും അതുകേട്ടപ്പോള്‍ വല്ലാതെ വിഷമത്തിലായെന്നും നാദിര്‍ഷാ പറയുന്നു.

‘വിവാദങ്ങള്‍ക്കിടയില്‍ ഒരു വൈദികന്‍ എന്നെ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞത് കേട്ട് വളരെ വിഷമിച്ചു. ഈശോ എന്ന് സിനിമയ്ക്ക് പേരിടാം. ഒരുപ്രശ്നവുമില്ല. പക്ഷെ അത് മാര്‍ട്ടിന്‍ പ്രക്കാട്ടോ, എബ്രിഡ് ഷൈനോ, ലാല്‍ ജോസോ ആയിരുന്നെങ്കില്‍ വിഷമമില്ലായിരുന്നു എന്നാണ്. ആ അച്ചന്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. മതത്തെ ലക്ഷ്യമിട്ട് തന്നെയാണ് ഇവര്‍ സിനിമയ്ക്കെതിരെ രംഗത്തെത്തുന്നതെന്ന് തോന്നുന്നു,’ നാദിര്‍ഷ പറഞ്ഞു.

താനല്ല സിനിമയ്ക്ക് പേരിട്ടതെന്നും നിര്‍മാതാക്കളായ ബിനു സെബാസ്റ്റ്യന്‍, അരുണ്‍ നാരായണന്‍, നായകന്‍ ജയസൂര്യ, ബോബി വര്‍ഗീസ് തുടങ്ങിയവര്‍ ഒന്നിച്ചിരുന്ന് ഇട്ട പേരാണിതെന്നും ഫെഫ്ക പറഞ്ഞാല്‍ താന്‍ പേര് മാറ്റുമെന്നും നാദിര്‍ഷ പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമകളാണ് കേശു ഈ വീടിന്റെ നാഥനും ഈശോയും. സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധം രൂക്ഷമാകുകയാണ്.

കഴിഞ്ഞ ദിവസം നാദിര്‍ഷായുടെ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

നാദിര്‍ഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ, ദിലീപ് നായകനായ ‘കേശു ഈ വീടിന്റെ നാഥന്‍ എന്നീ പേരുകള്‍ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.

ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നു. നാദിര്‍ഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഏതൊരു ക്രൈസ്തവനും അവന്‍ ജനിക്കുന്ന അന്നുമുതല്‍ മരിക്കുന്നതുവരെ ഈശോയെ ദൈവമായി കാണുന്നവരും ആരാധിക്കുന്നവരുമാണ്. സിനിമക്ക് ഇഷ്ടം പോലെ പേരിടാം. ആ പേരില്‍ സിനിമ ഇടുമ്പോള്‍ അതിനകത്തെ ഓരോ കാരണങ്ങളും നാളെകളില്‍ ചര്‍ച്ചയാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സിനിമയുടെ പേര് മാറ്റില്ലെന്നാണ് നാദിര്‍ഷ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ അറിയിച്ചിട്ടുണ്ട്.

നാദിര്‍ഷായ്ക്ക് പിന്തുണയുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. ഈശോ എന്ന പേരുമായി മുന്നോട്ടുപോകാനുള്ള നാദിര്‍ഷായുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിശ്വാസി സമൂഹത്തില്‍നിന്ന് തന്നെ സിനിമയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുെവന്നും ഫെഫ്ക പ്രതികരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Nadirsha Reveals About Eesho Allegations

We use cookies to give you the best possible experience. Learn more