| Tuesday, 28th December 2021, 5:16 pm

ഓര്‍മയുണ്ടാകും ഈ മുഖം; ചാനല്‍ പരിപാടിയില്‍ പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി; നന്ദിയറിയിച്ച് നാദിര്‍ഷയടക്കമുള്ള താരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാനല്‍ പരിപാടിക്കിടെ പറഞ്ഞ വാക്ക് പാലിച്ച നടന്‍ സുരേഷ് ഗോപിക്ക് നന്ദിയറിയിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ.

മിമിക്രി കലകാരന്മാരുടെ സംഘടനയായ എം.എ.എക്ക് (മിമിക്രി ആര്‍ടിസ്റ്റ് അസോസിയേഷന്‍) സുരേഷ് ഗോപി നല്‍കിയ സാമ്പത്തിക സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് നാദിര്‍ഷയുടെ കുറിപ്പ്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സുരേഷ് ഗോപി അഭിനയിച്ച കമ്മീഷണര്‍ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘ഓര്‍മയുണ്ടോ ഈ മുഖം’ എന്ന ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നാദിര്‍ഷ കുറിപ്പ് ആരംഭിക്കുന്നത്.

ഒരു ചാനല്‍ പരിപാടിക്കിടെ എം.എ.എ സംഘടനക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത് സുരേഷ് ഗോപി നടത്തിയ ഒരു പ്രസ്താവനയും ഈ ഡയലോഗിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

”ഓര്‍മയുണ്ടാവും ഈ മുഖം. നര്‍മം തൊഴിലാക്കിയ 200ഓളം കുടുംബങ്ങള്‍ക്ക്…

‘ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും’ സുരേഷ് ഗോപി,” എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

എം.എ.എ എന്ന സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്.

”ടെലിവിഷന്‍ ഷോകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്നും സമാഹരിക്കുന്ന പണം മരിച്ച മിമിക്രി കലാകാരന്മാരുടെ ഭാര്യമാര്‍ക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ആശുപത്രി ചെലവുകള്‍ക്കുമെല്ലാം ഉപയോഗിക്കുകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുകയും സാമൂഹികമായി ഒരുപാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സംഘടനയാണ് എം.എ.എ,” നാദിര്‍ഷ പറയുന്നു.

ഏഷ്യാനെറ്റ് ചാനലില്‍ അവതരിപ്പിച്ച ഷോയില്‍ പ്രതിഫലം വാങ്ങാതെ സുരേഷ് ഗോപി എത്തിയെന്നും സാധാരണക്കാരായ കലാകാരന്മാരോടൊപ്പം തമാശ പറഞ്ഞും അനുകരിച്ചും അദ്ദേഹം സമയം ചെലവഴിച്ചെന്നും ഈ സമയത്താണ് എം.എ.എക്ക് സഹായം നല്‍കുന്ന കാര്യം പറഞ്ഞതെന്നുമാണ് നാദിര്‍ഷ പോസ്റ്റില്‍ പറയുന്നത്.

അതിന് ശേഷം പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ സുരേഷ് ഗോപി അതില്‍ നിന്നും 2 ലക്ഷം രൂപ സംഘടനയ്ക്ക് കഴിഞ്ഞ ദിവസം നല്‍കിയെന്നും കുറിപ്പിലുണ്ട്.

ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലുള്ള നന്ദിയാണ് ഈ പോസ്‌റ്റെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

എന്നും ഓര്‍മയുണ്ടാകും ഈ മുഖം എന്ന് പറഞ്ഞാണ് സുരേഷ് ഗോപിയുടെ ഫോട്ടോയ്‌ക്കൊപ്പം പങ്കുവെച്ചിട്ടുള്ള കുറിപ്പ് അവസാനിക്കുന്നത്.

രമേഷ് പിഷാരടി, ഗിന്നസ് പക്രു എന്നിവരും സുരേഷ് ഗോപിയുടെ സഹായത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nadirsha post thanking Suresh Gopi for his donation to the Mimicry Artists Association

We use cookies to give you the best possible experience. Learn more