| Wednesday, 4th October 2017, 11:33 am

കാണുന്നവരെയെല്ലാം പ്രതിയാക്കരുത്: നാദിര്‍ഷയുടെ ജാമ്യഹര്‍ജിയില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റു ഭയക്കേണ്ടെന്ന് നാദിര്‍ഷയോട് കോടതി. നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച് നാദിര്‍ഷ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

നിലവില്‍ നാദിര്‍ഷ അറസ്റ്റു ഭയക്കേണ്ട സാഹചര്യമില്ലെന്നു പറഞ്ഞ കോടതി പൊലീസിന് ആവശ്യമെങ്കില്‍ നിയമാനുസൃതം നാദിര്‍ഷയെ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കി.

അതേസമയം കേസില്‍ കാണുന്നവരെയെല്ലാം പ്രതിയാക്കരുതെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. സാക്ഷികളെ പ്രതിയാക്കിയാല്‍ അത് കേസിനെ ദോഷകരമായി ബാധിക്കും. ഈ പഴുത് ഉപയോഗിച്ച് മറ്റു പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യം സൃഷ്ടിക്കരുത്. പ്രതികളുടെ എണ്ണം കൂടിയതുകൊണ്ട് കേസ് വലുതാവില്ലെന്നും കോടതി വ്യക്തമാക്കി.

കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടവരെ മാത്രമേ പ്രതിയാക്കാവൂ എന്ന സാമാന്യതത്വം പൊലീസ് ഓര്‍മ്മിക്കണമെന്നും കോടതി പറഞ്ഞു.

പള്‍സര്‍ സുനിയും വിഷ്ണുവും വിളിച്ചതുകൊണ്ട് മാത്രം നാദിര്‍ഷയെ പ്രതിയാക്കാന്‍ ആകില്ല. ആവശ്യമെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റു ചെയ്യാമെന്നും കോടതി പറഞ്ഞു.

സെപ്റ്റംബര്‍ 25ന് കാവ്യാമാധവന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച വേളയില്‍ കാവ്യയേയും ദിലീപിനേയും അറസ്റ്റു ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അന്ന് കാവ്യയുടെ ജാമ്യഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more