| Friday, 26th January 2024, 10:53 am

സമൂഹത്തിലെ എല്ലാ മേഖലകളിലും ട്രാന്‍സ് വ്യക്തികളുടെ പ്രാതിനിധ്യമുണ്ട്, പക്ഷേ സിനിമയില്‍ കാണാനാവില്ല: നാദിറ മെഹ്‌റിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യൂട്യൂബര്‍, മോഡല്‍, എന്നീ മേഖലകളിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് നാദിറ മെഹ്‌റിന്‍. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു നാദിറ. 2021ല്‍ റിലീസായ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലും നാദിറ ചെറിയൊരു റോള്‍ ചെയ്തിട്ടുണ്ട്. നവാഗതനായ സിദ്ദിഖ് സംവിധാനം ചെയ്ത എല്‍.എല്‍.ബി എന്ന ചിത്രമാണ് നാദിറയുടെ പുതിയ റിലീസ്.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ ട്രാന്‍സ് വ്യക്തികളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്. സിനിമകളില്‍ ട്രാന്‍സ് കഥാപാത്രങ്ങളുണ്ടെങ്കില്‍ അത് ട്രാന്‍സ് അല്ലാത്ത ആര്‍ടിസ്റ്റുകളെക്കൊണ്ട് അഭിനയിപ്പിക്കുന്നതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് നാദിറയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘ഈയടുത്ത് ഒരു സിനിമയില്‍ ഒരു പെണ്‍കുട്ടി വളരെ ലെങ്തിയായിട്ടുള്ള ട്രാന്‍സ് ക്യാരക്ടര്‍ ചെയ്തു. വളരെ നല്ല കാര്യമാണത്. അതുപോലെ തിരിച്ചും ചെയ്യട്ടെ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ ആളുകള്‍ക്ക് പുരുഷന്മാരായിട്ടോ സ്ത്രീകളായിട്ടോ ഉള്ള കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരം വേണം. പക്ഷേ നമുക്ക് ഇവിടെ അതിനുള്ള അവസരം ഇല്ല. ഈ സിനിമയില്‍ ഞാന്‍ ക്യാമ്പസില്‍ പഠിക്കുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. അത് എവിടെയും എടുത്തു പറയുന്നില്ല. കാരണം ക്യാമ്പസുകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പഠിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം.

അതുപോലെ മറ്റ് പൊതു ഇടങ്ങളിലെല്ലാം ട്രാന്‍സ് വ്യക്തികളുണ്ട്. പക്ഷേ സിനിമയിലെത്തുമ്പോള്‍ ആ പ്രാതിനിധ്യം ഇല്ല. മലയാള സിനിമ ഇത്രത്തോളം ഡെവലപ്പായി എന്ന് പറയുമ്പോഴും ഈയൊരു കാര്യത്തില്‍ ആരും ശ്രദ്ധ കൊടുക്കുന്നില്ല എന്നുള്ളത് സങ്കടപ്പെടുത്തുന്ന കാര്യമാണ്. കുറച്ചെങ്കിലും മാറ്റമുള്ളത് ബോളിവുഡിലാണ്. അവിടെ ആളുകള്‍ക്ക് കുറച്ചുകൂടി സ്‌പേസ് ഉണ്ട്. ഇവിടെ ഇപ്പോഴും കാസ്റ്റിങ് കോള്‍ വരുമ്പോള്‍ ആണ്‍/ പെണ്‍ ഈ രണ്ട് വിഭാഗത്തെ മാത്രമേ പറയുന്നുള്ളു’. നാദിറ പറഞ്ഞു.

ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍, അനൂപ് മേനോന്‍, കോട്ടയം രമേഷ് എന്നിവരാണ് എല്‍.എല്‍.ബി യിലെ പ്രധാന താരങ്ങള്‍. രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണിയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് സിനിമ തിയേറ്ററുകളിലെത്തും.

Content Highlight: Nadira Mehrin about transgenders representation in malayalam cinema

We use cookies to give you the best possible experience. Learn more