ഈ നടിപ്പ് നടപടിയാവുമോ?
Entertainment
ഈ നടിപ്പ് നടപടിയാവുമോ?
നവ്‌നീത് എസ്.
Friday, 3rd May 2024, 3:09 pm

‘ഈ റോസാപ്പു വിരിച്ച കിടക്കയല്ല സ്റ്റാർഡം എന്ന് പറയുന്നത്’ മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ ഈ വാക്കുകളിലൂടെയാണ് ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ ആരംഭിക്കുന്നത്.

അത്തരത്തിൽ സ്റ്റാർഡത്തിന്റെ ഏറ്റവും പീക്കിൽ നിൽക്കുന്ന ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ കഥയാണ് നടികർ. തന്റെ പേര് വിളിക്കുന്നവരോട് സൂപ്പർ സ്റ്റാർ എന്ന് ചേർത്ത് വിളിക്കാൻ പ്രത്യേകം പറയുന്ന ആളാണ് ഡേവിഡ് പടിക്കൽ. ടൊവിനോ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

കരിയറിന്റെ തുടക്കത്തിലെ പടങ്ങൾ സൂപ്പർ ഹിറ്റായി സൂപ്പർസ്റ്റാറായി മാറിയ ആളാണ് ഡേവിഡ്. എന്നാൽ ആ പദവി എങ്ങനെ നില നിർത്തണം എന്നറിയാതെ അതിന്റെ എല്ലാ പവറും ഉപയോഗിച്ച് ജീവിതം ആഘോഷിക്കുന്ന വ്യക്തിയാണ് അയാൾ. തുടരെ തുടരെയുള്ള ബ്ലാക്ക് മാർക്കുകളിലൂടെ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഒരു സൂപ്പർ സ്റ്റാർ മാത്രം ആയാൽ പോര നല്ലൊരു അഭിനേതാവ് കൂടെയാവണം എന്ന തിരിച്ചറിവ് വരുന്നതും അതിന് വേണ്ടി ശ്രമിക്കുന്നതുമെല്ലാമാണ് കഥയുടെ ഇതിവൃത്തം.

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. മുമ്പും ടൊവിനോയിൽ നിന്ന് കണ്ടിട്ടുള്ള പതിവ് ഭാവങ്ങൾ ആണെങ്കിലും ഡേവിഡ് പടിക്കലിന് അത് നന്നായി ചേരുന്നവയായിരുന്നു.

ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം സൗബിനും ടൊവിനോയും ആദ്യമായി ഒന്നിക്കുന്നു എന്നതായിരുന്നു. വൈറസ്, മായനദി തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും അഭിനയിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് ഒരു ഫ്രയ്മിൽ വരുന്നത് ഇതാദ്യമായിരുന്നു. ഡേവിഡ് പടിക്കലിനെ അഭിനയം പഠിപ്പിക്കാൻ വരുന്ന ഗുരുവിന്റെ വേഷമാണ് സൗബിന്റേത്.

എന്നാൽ പലപ്പോഴും അത് വേണ്ട രീതിയിൽ പ്രേക്ഷകരിലേക്ക് കണക്റ്റ് ആവാത്ത പോലെ തോന്നി. രണ്ടുപേർക്കും ഇടയിലെ ബോണ്ട്‌ പലപ്പോഴും വേണ്ട രീതിയിൽ വർക്കാവാതെ പോയി . ഗുരു എന്ന നിലയിൽ അഭിനയത്തെ കുറിച്ച് പറഞ്ഞ് കൊടുക്കുന്ന സൗബിന്റെ കഥാപാത്രം കുറച്ചുകൂടി കൺവിൻസിങ്ങാക്കാൻ ശ്രമിക്കാമായിരുന്നു.

 

ഭാവന ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കഥാപാത്ര രൂപീകരണമായിരുന്നു അതും. ഡേവിഡിന്റെ കഴിഞ്ഞകാലത്തെ കുറിച്ചും കുറവുകളെ കുറിച്ചും നന്നായി അറിയുന്ന കഥാപാത്രമാണ് ഭാവന അവതരിപ്പിക്കുന്ന ആൻ. എന്നാൽ വളരെ കുറഞ്ഞ സ്ക്രീൻ ടൈം മാത്രമാണ് താരത്തിനുള്ളത്.

 

സിനിമയെ ഒരു പരിധി വരെ എന്റർടൈൻ ചെയ്ത് പിടിച്ചു നിർത്തുന്നത് ബാലു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവരുടെ ചില കോമഡികളാണ്. കുറച്ച് നേരമാണ് ഉള്ളതെങ്കിലും അവസാനം വരുന്ന ചന്തു സലിം കുമാറും അതിൽ ഒരു പരിധി വരെ വിജയിക്കുന്നുണ്ട്.

ജീൻ പോൾ ലാലിന്റെ തന്നെ മുമ്പത്തെ സിനിമയായ ഡ്രൈവിങ് ലൈസൻസിലും സുരേഷ് കൃഷ്ണ ഹാസ്യ വേഷത്തിൽ എത്തിയിരുന്നു. ഡ്രൈവിങ് ലൈസൻസ് പോലെ തന്നെ സിനിമയ്ക്കുള്ളിലെ സിനിമ കാണിച്ചു കൊണ്ടാണ് നടികറും ആരംഭിക്കുന്നത്.

മുമ്പ് ഉദയനാണ് താരം, ഡോ. പത്മശ്രീ ഭരത് ലെഫ്റ്റന്റ് കേണൽ സരോജ് കുമാർ, ബെസ്റ്റ് ആക്ടർ, ഈയിടെ ഇറങ്ങിയ വർഷങ്ങൾക്ക് ശേഷം, കഥപറയുമ്പോൾ തുടങ്ങിയ ചിത്രങ്ങളെല്ലാം സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇവയിൽ പല ചിത്രങ്ങൾക്കും ഏകദേശം ഒരേ കഥ പറ്റേൺ തന്നെയാണ്.

സരോജ് കുമാറിലെ പോലെ തന്നെ തിരിച്ചറിവു വരുന്ന അഹങ്കാരിയായ ഒരു സൂപ്പർ സ്റ്റാർ തന്നെയാണ് ഡേവിഡ് പടിക്കലും. അത് സിനിമയുടെ തുടക്കം മുതൽ തന്നെ പ്രേക്ഷകർക്ക് പ്രെഡിക്റ്റ് ചെയ്യാൻ കഴിയുമെങ്കിലും ഒരു നല്ല ബാക്ക് സ്റ്റോറി ഉണ്ടായിട്ടും ഡേവിഡിന്റെ ഇമോഷൻസ് പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നതിൽ സിനിമ പലപ്പോഴും പരാജയപ്പെട്ടു. അവസാന ഭാഗങ്ങളിലേക്ക് കൂടുതൽ ഡ്രാമറ്റിക് ആക്കിയതും ആസ്വാദനത്തെ ബാധിച്ചു.

ഒരു സൂപ്പർസ്റ്റാറിന്റെ ജീവിതം അതെ റിച്ച്നസോടെ സ്‌ക്രീനിൽ എത്തിക്കുന്നതിൽ ചിത്രത്തിന്റെ ടെക്നിക്കൽ സൈഡ് വിജയിച്ചിട്ടുണ്ട്. ആൽബിയുടെ ക്യാമറയും പ്രശാന്ത് മാധവിന്റെ ആർട്ട്‌ ഡിപ്പാർട്മെന്റും മികച്ചു നിന്നപ്പോൾ നേഹ നായർ, യക്സൻ ഗറി പെരേരയുടെ എന്നിവരുടെ സംഗീതം ആവറേജ് ഫീലാണ് നൽകിയത്. എക്തയുടെ കോസ്റ്റ്യൂം മേഖലയും കയ്യടി അർഹിക്കുന്നുണ്ട്. തല്ലുമാല പോലെ ഒരു കളർ ഫുൾ ചിത്രമെന്ന പ്രതീതിയായിരുന്നു ട്രെയ്ലർ ഇറങ്ങിയപ്പോൾ ചിത്രത്തിന് കിട്ടിയിരുന്നത്.

ചില സീനുകളിലെ വലിച്ചു നീട്ടലും, ആവശ്യമില്ലാതെ ഉൾപെടുത്തിയ ഒരു ഫൈറ്റ് സീനുമെല്ലാം നടികരുടെ നടിപ്പിൽ കല്ലുകടിയാവുന്നുണ്ട്. രതീഷ് രാജ് ആയിരുന്നു എഡിറ്റിങ് നിർവഹിച്ചത്.

ഒരു സൂപ്പർസ്റ്റാറിന്റെ ജീവിതം കാണിക്കുന്നതുകൊണ്ടാണോ അതോ സംവിധായകന്റെ സുഹൃത്തുക്കൾ ആയതുകൊണ്ടാണോ എന്നറിയില്ല ഗണപതി, സുഷിൻ ശ്യാം, ചിദംബരം, അസ്‌കർ അലി എന്നിവരെല്ലാം ഒരു സെക്കന്റ് സ്‌ക്രീനിൽ മിന്നി മറിഞ്ഞു പോവുന്നുണ്ട്.

ഒരു സൂപ്പർ സ്റ്റാറിന്റെ ജീവിതം നന്നായി അവതരിപ്പിക്കുമ്പോഴും സുവിൻ. എസ്. സോമശേഖരന്റെ തിരക്കഥ ആ കഥാപാത്രത്തിന്റെ ഇമോഷൻസ് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ മെച്ചപ്പെടാൻ ഉണ്ടായിരുന്നു. മലയാള സിനിമയുടെ ഈ നല്ല കാലത്ത് നടികർ എത്രത്തോളം പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കുമെന്നത് ചോദ്യമാണ്. നടികർ കണ്ടിട്ടുണ്ടെങ്കിൽ എന്താണ് നിങ്ങളുടെ അഭിപ്രായം. ഇഷ്ടമായോ ഈ നടിപ്പ്?

 

Content Highlight: Nadikar Movie Review

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം