തളത്തില്‍ ദിനേഷനെ ഓര്‍മിപ്പിക്കും ധ്യാനിന്റെ കണ്ണന്‍; നദികളില്‍ സുന്ദരി യമുന റിവ്യു
Entertainment news
തളത്തില്‍ ദിനേഷനെ ഓര്‍മിപ്പിക്കും ധ്യാനിന്റെ കണ്ണന്‍; നദികളില്‍ സുന്ദരി യമുന റിവ്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th September 2023, 7:34 pm

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ നദികളില്‍ സുന്ദരി യമുന തിയേറ്ററുകളില്‍ റിലീസ് ആയിരിക്കുകയാണ്.
മലബാര്‍ നാട്ടിന്‍ പുറങ്ങളില്‍ സെറ്റ് ചെയ്തിരിക്കുന്ന കോമഡികള്‍ കൊണ്ട് സമ്പന്നമായ സിനിമയാണ്.

സംസാര ശൈലി കൊണ്ട് വ്യത്യസ്തത സമ്മാനിക്കുന്നതിനൊപ്പം തന്നെ നിശ്കളങ്കമായ മനുഷ്യരുടെ കഥയും ചിത്രം പറഞ്ഞു പോകുന്നു. കണ്ടത്തില്‍ കണ്ണനായി ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനായി അജു വര്‍ഗീസുമാണ് ചിത്രത്തിലെ നായകന്‍മാരായി എത്തുന്നത്. മികച്ച പെര്‍ഫോമന്‍സാണ് ഇരുവരും ചിത്രത്തില്‍ കാഴ്ചവെക്കുന്നത്.

ഒരു നാട്ടിന്‍പുറത്തെ അരചങ്ങളും രണ്ട് രാഷ്ട്രീയ പക്ഷങ്ങളും കൃത്യമായി രണ്ട് പേരിലൂടെ സിനിമയില്‍ പറഞ്ഞു പോകുന്നു.

എല്ലാ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി സിനിമ പ്രധാന വിഷയത്തിലേക്ക് കടക്കുമ്പോള്‍ തന്നെ ആദ്യപകുതി അവസാനികുന്നുണ്ട്. സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് രണ്ടാം പകുതിയാണ്. കോമഡികള്‍ കൊണ്ടും, ചെറിയ ട്വിസ്റ്റുകളും കൊണ്ട് സിനിമയുടെ പീക്കിങ് സംഭവിക്കുന്നത് രണ്ടാം പകുതിയിലാണ്.

ശ്രീനിവാസന്‍ ചിത്രം വടക്കുനോക്കിയന്ത്രവും, മലയാളത്തിലെ ഐക്കോണിക് കഥാപാത്രമായ തളത്തില്‍ ദിനേഷനെയുയൊക്കെ ഓര്‍മവരുന്ന തരത്തിലാണ് രണ്ടാം പകുതിയില്‍ സിനിമ പുരോഗമിക്കുന്നത്.

രണ്ടാം പകുതിയും തുടര്‍ന്നുള്ള ചെറിയ ട്വിസ്റ്റും ക്ലൈമാക്‌സും മികച്ച രീതിയില്‍ തന്നെ സിനിമക്കൊരു പൂര്‍ണത നല്‍കുന്നുണ്ട്. ഫാമിലി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും കോര്‍ത്തിണക്കിയാണ് നദികളില്‍ സുന്ദര യമുന ഒരുക്കിയിരിക്കുന്നത്.

കുറെ നാളായി മലയാള സിനിമയില്‍ കാണാത്ത ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടയിന്റമെന്റ് ചിത്രം തന്നെയാണ് നദികളില്‍ സുന്ദര യമുന.

Content Highlight: Nadikalil Sundari Yamuna review