നടിഗര്‍ തിലകം ശിവാജി ഗണേശന്‍ @91
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെള്ളിത്തിരയിലെ ഇതിഹാസ താരം, അന്താരാഷ്ട്ര തലത്തില്‍ പോലും അംഗീകാരങ്ങള്‍ ലഭിച്ച നടന്‍, നടിഗര്‍ തിലകം ശിവാജി ഗണേശന്‍ എന്ന അതുല്യ കലാകാരന്റെ 91 ാം ജന്മദിനമാണ് ഒക്ടോബര്‍ ഒന്നാം തിയ്യതി. തമിഴ് സിനിമ ലോകം അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ന് അഭിനേതാക്കളുടെ ദിനമായിട്ടാണ് ആചരിക്കുന്നത്.

1928 ഒക്ടോബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ സൂരക്കോട്ടയിലായിരുന്നു ശിവാജി ഗണേശന്റെ ജനനം. റെയില്‍വേ ഉദ്യോഗസ്ഥനായ ചിന്നെ പിള്ളൈ ആയിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. രാജമണി അമ്മാള്‍ ആയിരുന്നു അമ്മ.

നന്നെ ചെറുപ്പത്തില്‍ തന്നെ അഭിനയത്തില്‍ താല്‍പ്പര്യമുണ്ടായിരുന്ന അദ്ദേഹം നാടക ഗ്രൂപ്പില്‍ ചേരുകയായിരുന്നു. നിരവധി നാടകങ്ങളില്‍ ശിവാജി ആയി അഭിനയിച്ചതോടെ തന്റെ പേരിന്റെ കൂടെ ശിവാജി എന്ന് കൂടി അദ്ദേഹം ചേര്‍ക്കുകയായിരുന്നു. നാടകത്തിന് പുറമേ ഭരതനാട്യം, കഥക്, മണിപ്പൂരി നൃത്തരൂപങ്ങളിലും അദ്ദേഹം പരിശീലനം നേടിയിരുന്നു.

1952 ല്‍ പരാശക്തി എന്ന സിനിമയിലൂടെയാണ് ശിവാജി സിനിമയില്‍ എത്തുന്നത്. പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രിയായ കലൈഞ്ജര്‍ കരുണാനിധിയായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

പിന്നീട് എം.ജി.ആര്‍ – ശിവാജി ഗണേശന്‍ എന്ന ദ്വന്ദങ്ങള്‍ തന്നെ തമിഴ് സിനിമയുടെ സമവാക്യമായി മാറി. ആയിരക്കണക്കിന് ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ പുരാണ – ചരിത്ര കഥാപാത്രങ്ങള്‍ക്ക് ഇന്നും ഏറെ ആരാധകരുണ്ട്. 1959-ല്‍ കെയ്റോയില്‍ വെച്ച് നടന്ന ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വീര പാണ്ഡ്യ കട്ടബൊമ്മന്‍ എന്ന സിനിമയ്ക്കായിരുന്നു ഈ പുരസ്‌കാരം.

1966 ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരവും 1984 ല്‍ പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയാര്‍ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി.

തമിഴിന് പുറമേ മലയാളം, ഹിന്ദി ഭാഷകളിലും ശിവാജി ഗണേശന്‍ വേഷമിട്ടു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം യാത്രാമൊഴി എന്ന ചിത്രത്തില്‍ ആണ് അദ്ദേഹം അഭിനയിച്ചത്. രണ്ട് പ്രതിഭകളുടെ മത്സരിച്ചുള്ള അഭിനയം ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.

രാഷ്ട്രീയത്തിലും സജീവമായി ശിവാജി ഗണേശന്‍ ഉണ്ടായിരുന്നു. 1955 വരെ അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ അംഗമായിരുന്നു. പിന്നീട് ഒരു വിവാദത്തില്‍ പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം 1961 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

1999 ല്‍ അഭിനയിച്ച പടയപ്പയാണ് അവസാനമായി ശിവാജി ഗണേശന്‍ അഭിനയിച്ച ചിത്രം. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൊണ്ട് 2001 ജൂലൈ 21ന് തന്റെ 74ആം വയസ്സില്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹം മരണമടഞ്ഞത്.