നടി തൃഷയെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ച മന്‍സൂര്‍ അലി ഖാനെതിരെ ശക്തമായി അപലപിക്കുകയും പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് നടികര്‍ സംഘം.
തൃഷക്കെതിരെയും മറ്റ് രണ്ട് നടിമാര്‍ക്കെതിരെയും സമാനമായ പരാമര്‍ശം നടത്തിയതിന് മാപ്പ് പറയുന്നതുവരെ മന്‍സൂര്‍ അലി ഖാന്റെ അംഗത്വം താത്കാലികമായി സസ്പെന്‍ഡ് ചെയ്യുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് നടികര്‍ സംഘം പറഞ്ഞു.
ഖുശ്ബുവും റോജയുമാണ് മറ്റ് രണ്ട് നടിമാര്‍. തൃഷയെ കുറിച്ച് പ്രതികരിക്കവെ മന്‍സൂര്‍ അലി ഈ രണ്ട് നടിമാരെക്കുറിച്ചും പരാമര്‍ശം നടത്തിയിരുന്നു. അടുത്തിടെ നല്‍കിയ വാര്‍ത്താ സമ്മേളത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.
‘അവര്‍ എനിക്ക് റേപ്പ് സീന്‍ തന്നില്ല. ലിയോ സക്സസ് സെലിബ്രേഷനില്‍ ഇത് പറയണമെന്നുണ്ടായിരുന്നു. എന്നാല്‍ ചിലര്‍ കലാപമുണ്ടാക്കുമെന്ന് അറിയാവുന്നതുകൊണ്ട് വേണ്ടെന്ന് വെച്ചു. തൃഷക്കൊപ്പമാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ ബെഡ്റൂം സീനുകള്‍ ഉണ്ടാവുമെന്നും മുമ്പ് ഖുശ്ബുവിനേയും റോജയേയും തൂക്കിയെടുത്തിട്ടത് പോലെ അവളെ കട്ടിലിലേക്ക് എടുത്തിടാമെന്നും വിചാരിച്ചു. എത്ര പടത്തില്‍ മുമ്പ് ഞാനങ്ങനെ ചെയ്തിട്ടുണ്ട്. എനിക്കവര്‍ വില്ലന്‍ റോള്‍ പോലും തന്നില്ല’, എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്.
മന്‍സൂര്‍ അലി ഇത്രയും മോശമായ രീതിയിലുള്ള പരാമര്‍ശം നടത്തിയത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലായത് കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് നടിമാരോട് മാപ്പ് പറയണമെന്ന് നടികര്‍ സംഘം പ്രസിഡന്റും നടനുമായ എം. നാസര്‍ പറഞ്ഞു. നടിമാര്‍ക്ക് നടികര്‍ സംഘത്തിന്റെ എല്ലാ പിന്തുണയും നാസര്‍ ഉറപ്പുനല്‍കുകയും ചെയ്തു.
വാര്‍ത്താ സമ്മേളനത്തിലെ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം കണ്ട് നടി തൃഷ പ്രതികരണവുമായി എത്തിയിരുന്നു.
‘മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ ഈ അടുത്താണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ഞാന്‍ അതിനെ ശക്തമായി അപലപിക്കുന്നു. സെക്സിസ്റ്റായ, അനാദരവുള്ള, സ്ത്രീവിരുദ്ധമായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവമുള്ള ഒരാളുടെ പ്രസ്താവനയാണ്.
അദ്ദേഹത്തിന് ആഗ്രഹിക്കാം, എന്നാല്‍ അദ്ദേഹത്തെപ്പോലെയുള്ള ഒരാളുമായി സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടാത്തതില്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. ഇനിയുള്ള എന്റെ കരിയറില്‍ അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനകരമാണ്’ എന്നായിരുന്നു തൃഷയുടെ പ്രതികരണം.
തൃഷയുടെ പ്രതികരണത്തിന് പിന്നാലെ മന്‍സൂറിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നത്. തൃഷക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയത് സംവിധായകന്‍ ലോകേഷ് കനകരാജായിരുന്നു. മന്‍സൂര്‍ അലി ഖാന്റെ വാക്കുകള്‍ തികച്ചും സ്ത്രീവിരുദ്ധമാണെന്നും തനിക്ക് നിരാശയും രോഷവും തോന്നുന്നുണ്ടെന്നും ലോകേഷ് പറഞ്ഞിരുന്നു.
Content Highlight: Nadigar Sangam Asks To Mansoor Ali Khan To Apologize Trisha