|

ലാലേട്ടന്‍ വന്നിട്ട് കുറച്ചാകുന്നതേയുള്ളൂ; ആ സിനിമ ആദ്യ ആഴ്ചയില്‍ അത്ര ഓടിയില്ല: നദിയ മൊയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നദിയ മൊയ്തു. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ മലയാളികളുടെ മുഴുവന്‍ ഇഷ്ടം നേടിയെടുക്കാന്‍ നദിയക്ക് സാധിച്ചിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നോക്കെത്താദൂരത്ത് കണ്ണുംനട്ട്.

സിനിമയില്‍ ഗേളി മാത്യു എന്ന കഥാപാത്രമായാണ് നടി എത്തിയത്. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയെടുക്കാനും നദിയക്ക് കഴിഞ്ഞു. നദിയ മൊയ്തുവിന് പുറമെ പത്മിനി, മോഹന്‍ലാല്‍ എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോള്‍ നോക്കെത്താദൂരത്ത് കണ്ണുംനട്ട് സിനിമ ഇറങ്ങിയ സമയത്തെ അനുഭവം പങ്കുവെക്കുകയാണ് നദിയ. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. അന്ന് തനിക്ക് 18 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് നദിയ പറയുന്നത്. അതുകൊണ്ട് തനിക്ക് കൂടുതലൊന്നും ഓര്‍മയില്ലെന്നും ആദ്യത്തെ ആഴ്ച പടം അത്ര നല്ല രീതിയില്‍ ഓടിയിരുന്നില്ലെന്നും നദിയ മൊയ്തു പറഞ്ഞു.

നോക്കെത്താ ദൂരത്ത് സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് 18 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എനിക്ക് കൂടുതലൊന്നും ഓര്‍മയില്ല. അച്ഛന്‍ പറഞ്ഞിട്ടാണ് എനിക്ക് പലപ്പോഴും ആ സിനിമയുടെ കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നത്. പിന്നെ ഫാസില്‍ സാറോ പ്രൊഡ്യൂസറായ ഔസേപ്പച്ചന്‍ സാറോ എന്തെങ്കിലും പറയുമ്പോഴും ഞാന്‍ ഓര്‍ക്കും.

ഞങ്ങള്‍ അന്ന് തിയേറ്റര്‍ വിസിറ്റൊക്കെ നടത്തിയിരുന്നു. ആദ്യത്തെ ആഴ്ച പടം അത്ര നല്ല രീതിയില്‍ ഓടിയിരുന്നില്ല. കാരണം ആളുകള്‍ക്ക് അന്ന് നദിയ മൊയ്തു ആരാണെന്ന് അറിയില്ലല്ലോ. അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആളാണ് ഞാന്‍.

പിന്നെ സിനിമയില്‍ ഉള്ളത് പത്മിനി ആന്റിയാണ്. ആന്റിക്ക് കുറച്ച് ഫാന്‍സ് ഉണ്ടായിരുന്നു. അവരൊക്കെയാണ് ആദ്യ ആഴ്ചയില്‍ സിനിമ കാണാന്‍ ഉണ്ടായിരുന്നത്. പിന്നെ ഫാസില്‍ സാറിന്റെ പടമായത് കൊണ്ട് അങ്ങനെയും കുറച്ചാളുകള്‍ സിനിമകള്‍ കാണാന്‍ വന്നിരുന്നു.

പിന്നെ ലാലേട്ടനും ആ സിനിമയിലുണ്ട്. പക്ഷെ ആ സമയത്ത് ലാലേട്ടന്‍ സിനിമയിലേക്കൊക്കെ വന്നിട്ട് കുറച്ച് ആകുന്നതേയുള്ളൂ. നമ്മുടെ സിനിമക്ക് വലിയ പബ്ലിസിറ്റി ഉണ്ടായിരുന്നില്ല. ആദ്യ ആഴ്ചയില്‍ കാണാന്‍ പോയവര്‍ പറഞ്ഞിട്ടാണ് പലരും പിന്നീട് ഈ സിനിമ കാണാന്‍ തിയേറ്ററില്‍ വരുന്നത്. വേര്‍ഡ് ഓഫ് മൗത്തായിട്ടാണ് സിനിമക്ക് പബ്ലിസിറ്റി കിട്ടുന്നത്,’ നദിയ മൊയ്തു പറഞ്ഞു.

Content Highlight: Nadhiya Moidu Talks About Mohanlal And Nokkethadhoorathu Kannum Nottu